Breaking

Saturday, 2 April 2022

ഓട്ടോ ഡ്രൈവറായ ഇംഗ്ലീഷ് പ്രൊഫസർ ഒരു വൈറൽ കുറിപ്പ്

 


ഏതു തൊഴിലിനും മാന്യതയുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും നേടി ഒരു സ്വകാര്യ കോളേജിൽ 20 വർഷം  അധ്യാപകനായ ശേഷം ഓട്ടോ ഓടിക്കുന്ന  പട്ടാഭിരാമനെ കുറിച്ച്   ശ്രീമതി നികിത അയ്യർ ട്വിറ്ററിൽ ഇട്ട കുറിപ്പ് വൈറലായി. കുറിപ്പിൻ്റെ പൂർണ്ണ രൂപം താഴെ കൊടുക്കുന്നു.


കൃത്യ സമയത്ത്ജോലിക്ക്  എത്താനാവുമോ എന്ന ആശങ്കയുമായാണ് ബംഗളൂരുവിലെ പ്രഫഷനലായ നികിത അയ്യര്‍ ഓട്ടോയ്ക്ക് കൈ കാണിച്ചത്. ഓട്ടോ അടുത്തേക്കു വന്നു നിര്‍ത്തിയതോടെ നികിതയുടെ ആശയക്കുഴപ്പം കൂടി. മുടിയും താടിയും നരച്ച ഒരു അപ്പൂപ്പനായിരുന്നു ഓട്ടോ ഓടിച്ചിരുന്നത് എന്നതായിരുന്നു കാരണം. ഈ ഓട്ടോയില്‍ പോയാല്‍ സമയത്തെത്തുമോ എന്ന് ശങ്കിച്ചു നില്‍ക്കവേ 74 കാരനായ ഓട്ടോ ഡ്രൈവര്‍ മനോഹരമായ ഇംഗ്ലിഷില്‍ സംസാരിച്ചു തുടങ്ങി. 


സാധാരണക്കാരനെപ്പോലെ തോന്നിച്ച ഓട്ടോ ഡ്രൈവറുടെ അസാധാരണമായ ഇംഗ്ലിഷ് പ്രാവീണ്യമാണ് നികിതയെ അദ്ഭുതപ്പെടുത്തിയത്. നികിതയുടെ ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ പട്ടാഭിരാമനെന്ന ഡ്രൈവർ തയാറായതോടെ, 45 മിനിറ്റ് നീണ്ട ആ യാത്രയിൽ ഒരു അപൂര്‍വ ജീവിതകഥയാണ് അവര്‍ക്കു മുന്നില്‍ തെളിഞ്ഞു വന്നത്. തന്റെ ജീവിതത്തിലെ ആ അവിസ്മരണീയ അനുഭവം നികിത ലിങ്ക്ഡ് ഇന്‍ പോസ്റ്റായാണ് പങ്കുവച്ചത്.


 എംഎയും എംഎഡും കഴിഞ്ഞ് മുംബൈയിലെ ഒരു കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായാണ് പട്ടാഭിരാമൻ കരിയർ തുടങ്ങിയത്. കര്‍ണാടകയില്‍ ജോലി ലഭിക്കാതെ വന്നതോടെയാണ് ജോലി തേടി മഹാരാഷ്ട്രയിലേക്ക് പോകേണ്ടി വന്നത്. കര്‍ണാടകയിലെ കോളജുകളിലും മറ്റും ജോലി തേടി പോയപ്പോഴൊക്കെ നിങ്ങളുടെ ജാതി എന്താണെന്നായിരുന്നു ചോദിച്ചത്. പേര് പട്ടാഭിരാമന്‍ എന്നാണെന്നു മറുപടി നല്‍കിയതോടെ ഞങ്ങള്‍ അറിയിക്കാം എന്ന പതിവു മറുപടിയാണ് എല്ലാവരും നല്‍കിയത്. 


കര്‍ണാടകയിലെ കോളജുകള്‍ നിരാശപ്പെടുത്തിയതോടെ മുംബൈയിലെ പ്രശസ്തമായ ഒരു കോളജില്‍ അദ്ദേഹം ജോലിക്ക് ശ്രമിക്കുകയും തിരഞ്ഞടുക്കപ്പെടുകയുമായിരുന്നു. അറുപതാം വയസ്സില്‍ വിരമിക്കുന്നതുവരെ 20 വര്‍ഷം അദ്ദേഹം അവിടെ ഇംഗ്ലിഷ് പ്രഫസറായിരുന്നു. ജോലിയില്‍നിന്നു വിരമിച്ച ശേഷമാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയത്.


സ്വകാര്യ കോളേജുകളിൽ അധ്യാപകർക്ക് പരമാവധി 15000 രൂപ വരെയാണ് ലഭിക്കുക. സ്വകാര്യ കോളേജ് ആയതിനാൽ പെൻഷനും ഇല്ല. ഒരു ദിവസം ഓട്ടോ ഓടിച്ചാൽ 700 മുതൽ 1500 രൂപ വരെ കിട്ടും.എനിക്കും എൻ്റെ ഗേൾ ഫ്രണ്ടിനും കഴിയാൻ ഇതു ധാരാളം മതി.ഗേൾ ഫ്രണ്ട് പരാമർശം കേട്ടു ചിരിച്ച നികിതയോട് എന്തുകൊണ്ടാണ് ഭാര്യയെ ഗേൾഫ്രണ്ട് എന്ന് വിളിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.


"ഭാര്യയെന്നു വിളിക്കുന്ന നിമിഷം മുതൽ തന്നെ സ്ത്രീകൾ അടിമകളാണെന്ന ബോധമാണ് പലർക്കും ഉണ്ടാവുന്നത്. നിങ്ങളെക്കാൾ ഒട്ടും താഴെയല്ല നിങ്ങളുടെ ജീവിത പങ്കാളി പലപ്പോഴും അവർ നിങ്ങളേക്കാൾ മുകളിലുമാണ്. " ഗേൾഫ്രണ്ട് വിളിയുടെ കാരണം വ്യക്തമാക്കി പട്ടാഭിരാമൻ. ഈ ദമ്പതികൾക്ക് ഒരു മകനാണു ഉള്ളത്. അവനും കുടുംബവും വേറെയാണ് താമസം. "ഞങ്ങൾ മക്കളുടെ സംരക്ഷണയിലല്ല ജീവിക്കുന്നത്. അവർ അവരുടെ ജീവിതവും ഞങ്ങൾ ഞങ്ങളുടെ ജീവിതവും ജീവിക്കുന്നു." എന്നായിരുന്നു പട്ടാഭിരാമൻ്റെ വാക്കുകൾ.


ജീവിതത്തെ കുറിച്ച് ഒരു പരാതിയും ഇല്ല. ഒന്നിലും പശ്ചാത്താപവുമില്ല. ഇത്തരം അത്ഭുത മനുഷ്യരിൽ നിന്നും ഏറെ പഠിക്കാനുണ്ട്. നികിതയുടെ കുറിപ്പും പട്ടാഭിരാമൻ്റെ പടവും ചേർത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന കുറിപ്പ് വൈറൽ ആയി.


ബിരുദവും ബിരുദാനന്തര ബിരുദവും നേടി ആരെയും ആശ്രയിക്കാതെ സത്യസന്ധമായി ജീവിക്കാൻ എന്തു ജോലിയും ചെയ്യാനും അതിൽ സന്തോഷം കണ്ടെത്താനും കഴിയുന്ന പട്ടാഭിരാമനെ എങ്ങിനെ അഭിനന്ദിക്കാതിരിക്കും.?

No comments:

Post a Comment