എ.ടി.എം തട്ടിപ്പ് - നോര്‍ത്തിന്ത്യന്‍ സംഘത്തെ കൊല്ലം സിറ്റി പോലീസ് പിടികൂടി.
എ.ടി.എമ്മുകളിലെ സുരക്ഷാ വീഴ്ച മുതലെടുത്ത് വന്‍തോതില്‍ പണം തട്ടുന്ന നോര്‍ത്തിന്ത്യന്‍ സംഘത്തെ കൊല്ലം സിറ്റി, തിരുവനന്തപുരം സിറ്റി സ്പെഷ്യല്‍ സ്ക്വാഡുകളും കൊല്ലം ഈസ്റ്റ് പോലീസും ചേര്‍ന്ന് പിടികൂടി. ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് കാണ്‍പൂര്‍, ഗദംപൂര്‍, പുരല്‍ഹര്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ ഭാരത് സിംഗ് മകന്‍ ദേവേന്ദ്ര സിംഗ് (24) കാണ്‍പൂര്‍, കാണ്‍പൂര്‍ നഗര്‍ കല്ല്യണ്‍പൂര്‍, പങ്കി റോഡ് 49 സി, സുഖറാം സിംഗ് മകന്‍ വികാസ് സിംഗ് (21) എന്നിവരാണ് പോലീസ് പിടിയിലായത്.
പിടികൂടുമ്പോള്‍ കൊല്ലം കടപ്പാക്കട, ശങ്കേഴ്സ് എന്നീ എ.റ്റി.എമ്മുകളില്‍ നിന്നും തട്ടിയെടുത്ത 61860/- രൂപ ഇവരുടെ കൈവശം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, കോട്ടയം തുടങ്ങിയ വിവിധ ജില്ലകളിലെ എ.റ്റി.എമ്മുകളില്‍ ഇവര്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായും തട്ടിയെടുക്കുന്ന പണത്തിലെ ഒരു ഭാഗം തിരികെ എ.റ്റി.എമ്മുകളിലെ സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതായും പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് രണ്ട് എ.റ്റി.എമ്മുകളില്‍ നിന്നും ഇവര്‍ 140000/- രൂപ പിന്‍വലിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി സ്പെഷ്യല്‍ സ്ക്വാഡുകളും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ പരിസരത്തുളള എ.റ്റി.എമ്മുകളിലാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ വിവിധ എ.റ്റി.എമ്മുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് ഇവരെ തിരുവനന്തപുരം സ്ക്വാഡ് നിരീക്ഷിക്കുന്നതിനിടെ ഇവര്‍ കൊല്ലത്തേക്ക് കടക്കുകയായിരുന്നു.
കൊല്ലത്തേക്ക് കടന്നതായ സന്ദേശത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കൊല്ലം സിറ്റി പരിധിയിലെ എ.റ്റി.എമ്മുകള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് കൊല്ലം തിരുവനന്തപുരം സ്പെഷ്യല്‍ സ്ക്വാഡുകളുടെ സഹായത്തോടെ എ.റ്റി.എമ്മുകള്‍ നിരീക്ഷണത്തിലാക്കിയതാണ് ഇവര്‍ കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലാകാന്‍ ഇടയാക്കിയത്. വടക്കേ ഇന്ത്യന്‍ സംഘം എ.റ്റി.എമ്മുകള്‍ മാറി മാറി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.
വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് എ.റ്റി.എമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഡെബിറ്റ് കാര്‍ഡുകള്‍ ബാങ്കുകളുടെ എ.റ്റി.എമ്മുകളില്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനിടയില്‍ മെഷ്യനുകളുടെ പ്രവര്‍ത്തനം പ്രത്യേക രീതിയില്‍ അല്‍പ്പ നേരത്തേക്ക് തകരാറിലാക്കി പണം കവരുകയാണ് ചെയ്യുന്നത്. മെഷ്യന്‍റെ സുരക്ഷ വീഴ്ച മുതലെടുത്ത് ഹൈടെക്ക് രീതിയില്‍ പണം തട്ടുന്ന രീതിയാണ് ഇവര്‍ അവലംബിച്ചത്. വലിയ സംഖ്യകള്‍ നഷ്ടപ്പെടാതിരുന്നതിനാല്‍ ബാങ്ക് അധികൃതര്‍ പണം നഷ്ടപ്പെടുന്നതിന് അതീവ ഗൗരവം നല്‍കാതിരുന്നതാണ് ഇവരുടെ തട്ടിപ്പ് വ്യാപകമാക്കാന്‍ കാരണം. ഒരു സ്ഥലത്തും കൂടുതല്‍ ദിവസം തങ്ങാതെ സഞ്ചരിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഇവര്‍ പോലീസിന്‍റെ കൈയ്യില്‍ അകപ്പെട്ടിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗ്ഗം സഞ്ചരിച്ച് എ.റ്റി.എം തട്ടിപ്പ് നടത്തി വരുകയായിരുന്നു.
കൊല്ലം സിറ്റി പോലീസ് മേധാവി നാരായണ്‍ റ്റി ഐ.പി.എസിന്‍റെ നേരിട്ടുളള മേല്‍ നോട്ടത്തില്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്‍.രതീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആര്‍. രതീഷ്കുമാര്‍, അഷറഫ്, രാജ്മോഹന്‍. എസ്, കൊല്ലം തിരുവനന്തപുരം സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എസ്സ്.ഐ ആര്‍. ജയകുമാര്‍, എ.എസ്.ഐ സാബു, എസ്സ്.സി.പി.ഒ മാരായ മണികണ്ഠന്‍, സജൂ, സീനു, സി.പി.ഒ മാരായ രതീഷ്, രിപു, ഷിബു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
No comments:
Post a Comment