അഗതിമന്ദിരത്തിലെ അന്തേവാസികളെ തേടി വീണ്ടും യൂസഫലിയുടെ സമ്മാനം; 25 ലക്ഷത്തിന്റെ ധനസഹായം കൈമാറി
കൊല്ലം മുണ്ടയ്ക്കൽ പുവർ ഹോമിലെ അമ്മമാർക്കും മറ്റ് അന്തേവാസികൾക്കും ഒരിക്കൽ കൂടി കൈത്താങ്ങായി എം എ യൂസഫലി. തുടർച്ചയായ ആറാമത്തെ വർഷവും 25 ലക്ഷം രൂപയുടെ ധനസഹായം അഗതിമന്ദിരത്തിന് കൈമാറി. ഇത്തവണ വിഷുദിനത്തിലാണ് യൂസഫലിയുടെ സമ്മാനം അഗതിമന്ദിരത്തിലെ അശരണരായ അന്തേവാസികളെ തേടിയെത്തിയത്.
സ്ത്രീകളും പുരുഷന്മാരുമടക്കം 117 അന്തേവാസികളുള്ള പുവർ ഹോമിന്റെ ശോചനീയാവസ്ഥ മാധ്യമങ്ങൾ വഴി അറിയാനിടയായതിന് പിന്നാലെയാണ് 2017ൽ എം എ യൂസഫലി 25 ലക്ഷം രൂപയുടെ ആദ്യ ധനസഹായം കൈമാറുന്നത്. തുടർന്ന് വന്ന ഓരോ വർഷം അദ്ദേഹം സഹായം മുടക്കിയില്ല. കോവിഡ് കാലത്ത് ദൈനംദിന ആവശ്യങ്ങൾക്കടക്കം പ്രതിസന്ധി നേരിട്ട അഗതിമന്ദിരത്തിന് അദ്ദേഹം ആശ്രയമായി. അന്തേവാസികളുടെ ഭക്ഷണത്തിനും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും, പുതിയ കിടക്കകൾ, ശുചിമുറികൾ, ചികിത്സാ സൗകര്യങ്ങൾ, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങളും മറ്റും ഒരുക്കുന്നതിനുമായി ഈ തുക വിനിയോഗിച്ചുവരുന്നു.
എം എ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദനും തിരുവനന്തപുരം ലുലു മാൾ മീഡിയ കോർഡിനേറ്റർ മിഥുൻ സുരേന്ദ്രനും ചേർന്നാണ് പുവർ ഹോം സെക്രട്ടറി ഡോ.ഡി.ശ്രീകുമാറിന് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, പുവർ ഹോം സൂപ്രണ്ട് കെ. വൽസലൻ എന്നിവർ സന്നിഹിതരായിരുന്നു.
അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും ഇരുപതോളം വരുന്ന ജീവനക്കാർക്കുമായി വിഭവസമൃദ്ധമായ സദ്യയും യൂസഫലിയുടെ നിർദ്ദേശപ്രകാരം ഒരുക്കിയിരുന്നു.
ഇതുവരെ 1.50 കോടി രൂപയുടെ ധനസഹായമാണ് എം.എ യൂസഫലി പൂവര്‍ഹോമിന് കൈമാറിയിട്ടുള്ളത്
No comments:
Post a Comment