തിരുവനന്തപുരം: ഓട്ടോ ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ചര്‍ച്ച നടത്തിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കുവാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി കമ്മറ്റി മൂന്ന് ചര്‍ച്ചകള്‍ നടത്തിയതിനുശേഷം സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതല ചര്‍ച്ച നടന്നത്.
നിലവിലെ ഭീമമായ ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ ഓട്ടോടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്നാണ് ചര്‍ച്ചയില്‍ പൊതുവായി ഉണ്ടായ ധാരണയെന്ന് മന്ത്രി പറഞ്ഞു. ഓട്ടോറിക്ഷകള്‍ക്ക് നിലവിലുള്ള മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 ആക്കി വര്‍ധിപ്പിക്കാനും തുടര്‍ന്നുള്ള ഒരു കിലോമീറ്ററിനും നിലവിലുള്ള 12 രൂപയില്‍ നിന്നും 15 രൂപയായി വര്‍ധിപ്പിക്കാനുമാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കോര്‍പറേഷന്‍ മുനിസിപ്പാലിറ്റി പരിധിക്ക് പുറത്ത് 50% അധികനിരക്കും, രാത്രികാല യാത്രയില്‍ നഗരപരിധിയില്‍ 50% അധിക നിരക്കും നില നിര്‍ത്തണമെന്നും വെയ്റ്റിംഗ് ചാര്‍ജ്ജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവില്‍ ഉള്ളതുപോലെ തുടരുവാനാണ് കമ്മറ്റിയുടെ നിര്‍ദ്ദേശം.
1500 സിസിയില്‍ താഴെയുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് നിലവിലുള്ള 175 രൂപയില്‍ നിന്ന് 210 ആയും കിലോമീറ്റര്‍ ചാര്‍ജ്ജ് 15 രൂപയില്‍ നിന്ന് 18 രൂപയായും 1500 സിസിയില്‍ അധികമുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് 200 രൂപയില്‍ നിന്ന് 240 രൂപയായും, കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്ന് 20 ആയും വര്‍ധിപ്പിക്കാനാണ് കമ്മറ്റി ശുപാര്‍ശ നല്‍കിയിട്ടുള്ളത്.
വെയ്റ്റിംഗ് ചാര്‍ജ്ജ് നിലവില്‍ ഉള്ളതുപോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്. കമ്മറ്റി സമര്‍പ്പിച്ച വിവിധ നിര്‍ദേശങ്ങളെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
No comments:
Post a Comment