Breaking

Friday, 25 March 2022

ജേഷ്ഠനെ സാബു കുഴിച്ചുമൂടിയത് ജീവനോടെ; സഹായിച്ചത് അമ്മ, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്


തൃശൂർ ജില്ലയിലെ ചേർപ്പിൽ ജേഷ്ഠനെ അനിയൻ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ജേഷ്ഠൻ ബാബുവിനെ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ശ്വാസകോശത്തിൽ മണ്ണ് കണ്ടെത്തി. നേരത്തെ ബാബുവിനെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചാണെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ബാബുവിനെ കുഴിച്ചിടുമ്പോൾ ജീവനുണ്ടായിരുന്നു.



ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് കൊട്ടേക്കാട്ട്പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബു (27) ആണ് ഒമ്പത് ദിവസങ്ങള്‍ക്ക് മുന്‍പ്  കൊല്ലപ്പെട്ടത്. കേസിൽ അനുജൻ സാബു(25) പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ അമ്മ പദ്മാവതിക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാവും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കൊലപാതകത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്. വീട്ടിൽ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുള്ള ബാബുവും സാബുവും വഴക്ക് നിത്യ സംഭവമാണ്.



കൊലപാതക ദിവസം ബാബു വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി. അടിപിടിക്കിടയിൽ സാബു ചേട്ടൻ കഴുത്തു ഞെരിച്ച് ബോധരഹിതനാക്കിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. വീടിന്റെ തൊട്ടടുത്തുള്ള പാടത്തെ ബണ്ടിൽ ബാബുവിനെ ജീവനോടെ കുഴിച്ചിട്ടത്. കൊലപാതകത്തിന് ശേഷവും അസാധാരാണമായി യാതൊരു സ്വഭാവ മാറ്റവും സാബു പുറത്തെടുത്തിരുന്നില്ല. ചേട്ടനെ കാണാനില്ലെന്ന് നാട്ടുകാരോടെല്ലാം പറഞ്ഞു പ്രചരിപ്പിച്ചു. ശേഷം ഏകദേശം ഏഴ് ദിവസത്തോളം സ്വന്തം നിലയിൽ ചേട്ടനെ അന്വേഷിച്ചു. വീട്ടില്‍ നിന്ന് 300 മീറ്ററോളം അകലെയാണ് ബാബുവിനെ മറവു ചെയ്തത്. ഇതിനായി മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. 



പ്രദേശവാസി പശുവിനെ തീറ്റാൻ പോകുന്നതിനിടയിൽ ബണ്ടിന് സമീപത്ത് തെരുവു നായ്ക്കൾ കുഴിക്കുന്നത് ശ്രദ്ധിച്ചിരുന്നു. നായ്ക്കൾ എല്ലിൻ കഷ്ണങ്ങളോ തീറ്റയോ കണ്ടാലാണ് കൂട്ടമായി കുഴിയെടുക്കാൻ ശ്രമിക്കുകയുള്ളു. എന്നാൽ നായ്ക്കൾ കുഴിച്ച ഭാഗം പിറ്റേ ദിവസം പശുവുമായി എത്തിയപ്പോൾ പഴയപടിയായത് പ്രദേശവാസി ശ്രദ്ധിച്ചു. സംശയം തോന്നിയതോടെ കൈക്കോട്ട് ഉപയോഗിച്ച് മണ്ണുമാറ്റി. സിമന്റ് കട്ടയിൽ കൈക്കോട്ട് തട്ടിയതോടെ എന്തോ മറവ് ചെയ്തതാണെന്ന് ബോധ്യമായി. ദുർഗന്ധവും പരന്നതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 



ബാബുവിൻറെ കൈകളിൽ പച്ച കുത്തിയത് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചു. പൊലീസ് എത്തി മൃതേദഹം പുറത്തെടുക്കുമ്പോൾ പ്രതി സമീപത്തു തന്നെയുണ്ട്. മുഖംപൊത്തി കരഞ്ഞുവെന്നും പ്രദേശവാസികൾ പറയുന്നു. കേസിൽ പങ്കുണ്ടെന്ന് കരുതുന്ന അമ്മ പദ്മാവതി ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സ പൂർത്തിയാക്കി പുറത്തിറങ്ങിയാൽ അറസ്റ്റുണ്ടാകും.




No comments:

Post a Comment