കണ്ണൂരിൽ വൻ ലഹരിവേട്ട. രണ്ട് കിലോയോളം എംഡിഎംഎ ഉൾപ്പെടെ ഒന്നരക്കോടിയിലേറെ രൂപവില വരുന്ന ലഹരി മരുന്നുകളുമായി ദമ്പതികളെ പൊലീസ് പിടികൂടി. മുഴപ്പിലങ്ങാട് സ്വദേശി ബൽകീസ്, ഭർത്താവ് അഫ്സൽ എന്നിവരാണ് പിടിയിലായത്. ബൽകീസ് ലഹരി കടത്തുസംഘത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ ഏറ്റവുംവലിയ എംഡിഎംഎ വേട്ടയെന്ന് അവകാശപ്പെട്ടുകൊണ്ടാണ് കണ്ണൂർ നഗരഹൃദയത്തിൽ പൊലീസ് ലഹരിമരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്. കണ്ണൂർ പ്ലാസ ജംഗ്ഷനിലാണ് ടൗൺ പൊലീസ് മാരകലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തത്. 67 ഗ്രാം ബ്രൗൺ ഷുഗർ, ഏഴരഗ്രാം കറുപ്പ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് ബസിൽ ചുരിദാർ പീസുകളുടെ പാർസലിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പാർസൽ ഏറ്റുവാങ്ങാനെത്തിയ ബൽകീസിനെ ആദ്യം പിടികൂടി, പിന്നാലെ ഭർത്താവ് അഫ്സലിനെയും കസ്റ്റഡിയിലെടുത്തു.
ഇരുപത്തിയേഴുകാരിയായ ബൽക്കീസ് ബെംഗളൂരുവിൽനിന്നുള്ള എംഡിഎംഎ കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ്. ഇത്രയേറെ എംഡിഎംഎ കൊണ്ടുവരുന്നസംഘം വീണ്ടും ചെറുകിടക്കാർക്ക് വിതരണംചെയ്യും. അവരിൽനിന്നാണ് ആവശ്യക്കാരിലേക്ക് ലഹരിമരുന്ന് എത്തുക. ബൽകീസ് ഇതിനു മുൻപും എംഡിഎംഎ കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വിശദമായ ചോദ്യംചെയ്യലിലൂടെ മുൻപ് വഴിയടഞ്ഞിരുന്ന പഴയ ചില ലഹരി കേസുകളിലേക്കും അന്വേഷണം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് പൊലീസ്
No comments:
Post a Comment