യുക്രൈനിലെ ഖാർകിവിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശി നവീൻ ശേഖരപ്പ ഗ്യാനഡൗഡർ ആണ് റഷ്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യമാണ് മരണവിവരം പുറത്തുവിട്ടത്.
കർണാടകയിലെ ഹാവേരി ജില്ലയിലെ ചലാഗെരി സ്വദേശിയാണ് നവീൻ. വിദ്യാർത്ഥി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കൃത്യമായി വ്യക്തമല്ല. ഖാർകിവിലെ ഗവർണറുടെ വസതിക്കടുത്ത് ആൾക്കൂട്ടത്തിൽ ഭക്ഷണത്തിനായി വരിനിൽക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായതെന്നും സംഭവത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. താമസസ്ഥലത്തുനിന്ന് റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നും റിപ്പോർട്ടുണ്ട്.
ഇന്നു രാവിലെ ഖാർകിവിലുണ്ടായ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ട വിവരം അതീവ ദുഃഖത്തോടെ അറിയിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി ട്വീറ്റ് ചെയ്തു. മന്ത്രാലയം വിദ്യാർത്ഥിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും ട്വീറ്റിൽ പറഞ്ഞു.
ഖാർകിവിലും മറ്റു സംഘർഷമേഖലകളിലും കഴിയുന്ന ഇന്ത്യക്കാരെ അടിയന്തരമായി സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയിലെയും യുക്രൈനിലെയും ഇന്ത്യൻ അംബാസഡർമാരെ വിളിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. ആവശ്യമായ നടപടികൾ അംബാസഡർമാർ സ്വീകരിച്ചുവരികയാണെന്നും അരിന്ദം ബാഗ്ച്ചി കൂട്ടിച്ചേർത്തു.
No comments:
Post a Comment