Breaking

Friday, 18 February 2022

മൊബൈല്‍ ബാങ്കിംഗ് വഴി വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയ സംഘം പിടിയിൽ.




 കൊല്ലം; വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും മൊബൈല്‍ ബാങ്കിംഗ് വഴി എട്ട് ലക്ഷത്തി പതിനാറായിരം രൂപ കൈക്കലാക്കിയ സംഘത്തിനെ കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് പിടികൂടി. 


എറണാകുളം കരിമല്ലൂര്‍ തടിക്കകടവ് ജൂമാ മസ്ജിദിന് സമീപം വെളിയത്ത് നാട് വെസ്റ്റ് പി.ഓ കുട്ടുങ്ങപറമ്പില്‍ ഹൗസില്‍ സുബൈര്‍ മകന്‍ ഇബ്രാഹീം (ഉമ്പായി, 34), എറണാകുളം മൂവാറ്റുപുഴ മുളവൂര്‍ വി.എം വട്ടക്കാട്ട് കുടിയില്‍ ഹൗസില്‍ സുബൈര്‍ മകന്‍ മൊയ്തീന്‍ഷാ(32), എറണാകുളം പെരുമ്പാവൂര്‍ റയോണ്‍പുരം കാഞ്ഞിരക്കാട് പുതുക്കാടന്‍ വീട്ടില്‍ സജാദ് മകന്‍ ഷാമല്‍ എന്നു വിളിക്കുന്ന ഷാമോന്‍ (31) എന്നിവരാണ് പോലീസ് പിടിയിലായത്. ഇതില്‍ ഉമ്പായി എന്നറിയപ്പെടുന്ന ഇബ്രാഹിം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.


 

കൊല്ലം തിരുമുല്ലവാരം സ്വദേശിനിയുടെ കൊല്ലം ഫെഡറല്‍ ബാങ്കിലൂളള അക്കൗണ്ടില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. ബാങ്കില്‍ അക്കൗണ്ട് തുറന്ന കാലയളവില്‍ ഇവര്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ദീര്‍ഘകാലം മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് സര്‍വ്വീസ് പ്രൊവൈഡര്‍ ഇവരുടെ സിം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് കാലാവധി കഴിഞ്ഞ ഈ സിംകാര്‍ഡ് എറണാകുളം പെരുമ്പാവൂരില്‍ അവര്‍ വിതരണം ചെയ്തു. ഈ സിംകാര്‍ഡ് ലഭിച്ച സംഘമാണ് തട്ടിപ്പ് നടത്തിയത്. 



ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഈ സിംകാര്‍ഡിലേക്ക് വന്ന മെസേജുകള്‍ ഉപയോഗിച്ച് ഇവര്‍ മൊബൈല്‍ ബാങ്കിംഗിലേക്ക് കടന്ന് കയറുന്നതിനുളള വിവരങ്ങള്‍ കരസ്ഥമാക്കി. ഇത് ഉപയോഗിച്ച് ഇവര്‍ ഫെഡറല്‍ ബാങ്കിന്‍റെ ഫെഡ്നെറ്റ് മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ഇവരുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അത് വഴി പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സഫര്‍ ചെയ്യ്ത് തട്ടിയെടുക്കുകയായിരുന്നു.



 പണം നഷ്ടപ്പെട്ട വീട്ടമ്മയുടെ പരാതിയില്‍ കൊല്ലം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. ഇവരെ ആലുവയില്‍ നിന്നും ആലുവ വെസ്റ്റ് പോലീസിന്‍റെ സഹായത്തോടെ കൊല്ലം സിറ്റി പോലീസ് സംഘം പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയം ഇവരുടെ കൈവശം നിന്നും ഗഞ്ചാവ് പോലീസ് കണ്ടെടുത്തിരുന്നു. ആ സംഭവത്തിന് ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് എടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇവരെ കൊല്ലത്തേക്ക് കൂട്ടി കൊണ്ട് വരുകയായിരുന്നു. 



നൂതന മാര്‍ഗ്ഗത്തിലൂടെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട കൊല്ലം ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. കൊല്ലം സിറ്റി സി-ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ സോണി ഉമ്മന്‍കോശിയുടെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എച്ച്. മുഹമ്മദ്ഖാന്‍, എസ്.ഐ മാരായ അബ്ദുല്‍മനാഫ്, അജിത്കുമാര്‍, എ.എസ്.ഐ നിയാസ്, സി.പി.ഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു. 



ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന  മൊബൈല്‍ നമ്പരുകള്‍ നഷ്ടപ്പെടുമ്പോള്‍ ആ വിവരം ബാങ്കുകളെ അറിയിക്കാതിരിക്കുന്നതാണ് ഇത്തരത്തിലുളള തട്ടിപ്പുകള്‍ക്ക് കാരണമാകുന്നതെന്നും അതിനാല്‍ പൊതുജനങ്ങള്‍ അത്തരം വിവരങ്ങള്‍ അടിയന്തരമായി അവരുടെ അക്കൗണ്ടുകള്‍ ഉളള ധനകാര്യ സ്ഥാപനങ്ങളിലേക്കും മറ്റും അറിയിക്കുന്നത് ഇത്തരത്തിലുളള തട്ടിപ്പുകള്‍ തടയാന്‍ ഉചിതമായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.


Copyright © Meydan Media Pvt Ltd

No comments:

Post a Comment