Breaking

Tuesday, 8 February 2022

മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ കരസേനയുടെ സഹായം തേടി.

 


പാലക്കാട്: മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ കരസേനയുടെ സഹായം തേടി. പര്‍വതാരോഹണത്തില്‍ പരീശീലനം നേടിയവര്‍ ബെംഗളൂരുവില്‍ നിന്ന്  തിരിച്ചു.


ഹെലികോപ്റ്റര്‍ വഴിയുളള രക്ഷാദൗത്യം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയ നീക്കം‍. ഹെലികോപ്റ്റര്‍ എത്തി സ്ഥലം നിരീക്ഷിച്ചശേഷം മടങ്ങി. മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) ആണു കുടുങ്ങിയത്. വെള്ളവും ഭക്ഷണവും ഇതുവരെ എത്തിക്കാനായില്ല. നാവികസേനയോട് ജില്ലാ ഭരണകൂടം സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ സ്ഥലത്തെത്തിയിരുന്നു. എന്‍.ഡി.ആര്‍.എഫ് സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.


തിരഞ്ഞെത്തിയവർക്ക് ബാബുവിനെ കാണാൻ കഴിഞ്ഞെങ്കിലും അടുത്തേക്ക് എത്താനായിട്ടില്ല. കൂമ്പാച്ചി മലയിലേക്കുള്ള നാലംഗ സംഘത്തിന്റെ യാത്രയിൽ ഇന്നലെ ഉച്ചയോടെയാണ് ബാബു അപകടത്തിൽപ്പെട്ടത്. ബാബു തന്നെയാണ് അപകടത്തിൽപ്പെട്ടതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ എടുത്ത് സുഹൃത്തുക്കളെയും പൊലീസിനെയും വിവരമറിയിച്ചത്.


ബാബുവും സുഹൃത്തുക്കളായ 3 പേരും ചേർന്നാണു ഇന്നലെ ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.


ഇന്നലെ രാത്രി പന്ത്രണ്ടോടെ അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം നടത്തായില്ല. എങ്കിലും സംഘം അവിടെ ക്യാംപ് ചെയതു. വന്യമൃഗങ്ങളെ അകറ്റാൻ പന്തം കാത്തിച്ചുവച്ചു. വീഴ്ചയിൽ ബാബുവിന്റെ കാൽ മുറിഞ്ഞിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു തന്നെ താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്. ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിനും മുൻപും മല കയറുന്നതിനിടെ കാൽ വഴുതി വീണ് ചെറാട് സ്വദേശിക്ക് പരുക്കേറ്റിട്ടുണ്ട്.


No comments:

Post a Comment