കൊല്ലം നഗരത്തിൽ പോലീസ്, മോട്ടോർവാഹന വകുപ്പ് സംയുക്ത പരിശോധന തുടരുന്നു, 100 ബസുകൾ പരിശോധിച്ചതിൽ നിയമലംഘനം നടത്തിയ 56 സ്വകാര്യ ബസുകൾക്കെതിരെ നടപടി.
===================================
ഒരു വിഭാഗം സ്വകാര്യ ബസുകളുടെ ഗതാഗത നിയമ ലംഘനങ്ങൾ നിയന്ത്രിച്ച് പൊതുജന സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നടപ്പിലാക്കിയ അപ്രതീക്ഷിത സംയുക്ത പരിശോധനകൾ തുടരുന്നു. കൊല്ലം സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്നാണ് സംയുക്ത പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം പരിശോധന നടത്തിയ 100 സ്വകാര്യ സർവ്വീസ് ബസുകളിൽ 56 ലും നിയമലംഘനങ്ങൾ കണ്ടെത്തി. കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന നിയമപ്രകാരമുളള നടപടികൾ സ്വീകരിച്ചു. ഹൈസ്‌ക്കൂൾ ജംഗ്ഷൻ, കരിക്കോട്, തട്ടമല എന്നിവിടിങ്ങളിലാണ് അപ്രതീക്ഷിതപരിശോധന നടത്തിയത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഇടത് വശത്തു കൂടി ഓവർടേക്കിംഗ്, നഗരത്തിലെ വേഗപരിധി ലംഘിക്കൽ, ഫിറ്റനസ്, കണ്ടക്ടർ ലൈസൻസ് ഇല്ലാത്ത ജീവനക്കാർ, തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
അനുവദനീയമായ വേഗതയിൽ കൂടുതൽ സഞ്ചരിക്കുന്ന വാഹനങ്ങൾ ക്കെതിരെ മോട്ടോർവാഹന വകുപ്പുമായ് ചേർന്ന് വരും ദിവസങ്ങളിൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുളള കർശനനടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നാരായണൻ.റ്റി ഐ.പി.എസ് അറിയിച്ചു.
കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ ബി.ഷെഫീക്ക്, കിളികൊല്ലൂർ ഇൻസ്‌പെക്ടർ കെ. വിനോദ്, ഇരവിപുരം ഇൻസ്‌പെക്ടർ വിവി അനിൽ കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബി.എൽ സതീഷ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റെജി.കെ.ആർ, സബ്ബ് ഇൻസ്‌പെക്ടർ ബി.ഷഹാൽ തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
© Meydan Media Pvt Ltd
No comments:
Post a Comment