കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനുപിന്നിൽ ലൈംഗിക പീഡനമെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കടയ്ക്കൽ വെള്ളാർവട്ടം ആലത്തറമല മാവിളപുത്തൻവീട്ടിൽ അഭിൽ ദേവ് (21) ആണ് അറസ്റ്റിലായത്. പള്ളിക്കൽ സ്റ്റേഷൻ അതിർത്തിയിൽ കഴിഞ്ഞ സെപ്റ്റംബർ 19നാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
പൊലീസ് പറയുന്നത്: ആത്മഹത്യക്കുറിപ്പിൽനിന്ന് ലഭിച്ച ഫോൺ നമ്പർ രേഖ പരിശോധിച്ച പൊലീസ് പ്രതിയുടെ ഇടപെടൽ മനസ്സിലാക്കി. ആത്മഹത്യ ചെയ്ത ദിവസം ഇയാൾ 40 ഓളം തവണ പെൺകുട്ടിയെ വിളിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതിന്റെ സൂചനകളും ലഭിച്ചു. പ്രതിയെ അന്വേഷിച്ചെങ്കിലും ഒളിവിലായിരുന്നു.
പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനം നടത്തിയ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. ഇയാൾക്ക് നിരവധി പെൺകുട്ടികളുമായി അടുപ്പമുണ്ട്. ഏറെയും പ്രായപൂർത്തിയാകാത്തവരാണ്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ വലയിലാക്കി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കൈക്കലാക്കി പണയപ്പെടുത്തുകയും ചെയ്തു. പിന്നീട്, ഇയാൾക്ക് മറ്റു പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പെൺകുട്ടി ആത്മമഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് പറയുന്നു.
പള്ളിക്കൽ സി.ഐ പി. ശ്രീജിത്ത്, എസ്.ഐ സഹിൽ, എ.എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ ഷമീർ, സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment