വാളകം എയ്ഡ് പോസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ എം.സി റോഡരികിൽ കിടന്ന വാഹനങ്ങൾ കത്തിനശിച്ചു.വിവിധ കേസുകളിൽപ്പെട്ട് വർഷങ്ങളായി പൊലീസ് കസ്റ്റഡിയിലുള്ള അൻപതോളം വാഹനങ്ങൾക്കാണ് തീപിടിച്ചത്. ഇന്നലെ (ശനി) വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കൊട്ടാരക്കര, പത്തനാപുരം എന്നിവിടങ്ങളിൽ നിന്നെത്തിയ നാല് യൂണിറ്റ് ഫയർഫോഴ്സ് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തെത്തുടർന്ന് ഇതു വഴിയുള്ള വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. കൊട്ടാരക്കര പൊലീസും ഹൈവേ പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു.
പൊലീസ് സ്റ്റേഷന് കിഴക്ക് വശത്തുള്ള സോളാർ തെരുവുവിളക്കിന് സമീപത്തുനിന്നുമാണ് തീ പടർന്നത്.നിമിഷ നേരംകൊണ്ട് സമീപത്തുള്ള വാഹനങ്ങളിലേക്കും പടരുകയായിരുന്നു. ഇതുവഴിയുള്ള വൈദ്യുതി ലൈനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടോ, പുകവലിക്കാർ ഉപേക്ഷിച്ചു പോയ തീക്കുറ്റിയിൽ നിന്നോ ആകാം തീ പിടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എത്ര വാഹനങ്ങൾക്ക് തീപിടിച്ചു എന്നുള്ള കൃത്യമായ എണ്ണം രജിസ്റ്ററുകൾ പരിശോധിച്ചെങ്കിൽ മാത്ര ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
No comments:
Post a Comment