Breaking

Thursday, 3 February 2022

മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ മധുവിന്റെ വീട്ടിലെത്തി കുടുംബാ​ഗംങ്ങളുമായി ചർച്ച നടത്തി



 

അട്ടപ്പാടി: മധു കൊല്ലപ്പെട്ട കേസിൽ കുടുംബത്തിനു നിയമ സഹായം നൽകാൻ നടൻ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകൻ വി.നന്ദകുമാർ മധുവിന്റെ അമ്മയും സഹോദരിയുമായി ചർച്ച നടത്തി. കേസിൽ പുനരന്വേഷണം വേണമെന്നു കുടുംബം ആവശ്യപ്പെട്ടതായി വി.നന്ദകുമാർ അറിയിച്ചു. നടന്ന അന്വേഷണത്തിൽ കുടുംബം തൃപ്തരല്ല. സിബിഐ അന്വേഷിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം. പുനരന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകാൻ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.


ഇന്നലെ താഴെ ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തിയാണ് അമ്മ മല്ലിയെയും സഹോദരി സരസുവിനെയും കണ്ടത്. അഭിഭാഷകരായ ടി.ബാലകുമാർ കോയമ്പത്തൂർ, എസ്.സുദർശനൻ ചെന്നൈ, രോഹിത്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ ട്രഷറർ വിനോദ് എന്നിവർ കൂടെയുണ്ടായിരുന്നു.മധു കൊല്ലപ്പെട്ട് 4 വർഷമായിട്ടും കേസിന്റെ വിചാരണ തുടങ്ങിയിരുന്നില്ല. മധുവിന്റെ കൊലപാതകത്തിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എവിടേയെന്ന് മണ്ണാര്‍ക്കാട് കോടതി ചോദിച്ചത് വിവാദമായിരുന്നു. മധുവിനു വേണ്ടി നിയോഗിക്കപ്പെട്ട അഭിഭാഷകനു കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നത് അറിഞ്ഞാണ് കുടുംബത്തിന് ആവശ്യമായ നിയമസഹായം നൽകാൻ മമ്മൂട്ടി സന്നദ്ധത അറിയിച്ചത്.


പ്രതികളിൽ നിന്നു പണം കൈപ്പറ്റിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായെന്നും മധുവിന്റെ സഹോദരിക്ക് പരാതിയുണ്ട്. ഇത്തരത്തിൽ അപമാനിച്ചവർക്കെതിരെ അഗളി പൊലീസിൽ പരാതിപ്പെടാനും പരാതിയുടെ പകർപ്പു മുഖ്യമന്ത്രിക്കു നൽകാനും നിർദേശിച്ചു.കുടുംബം ആവശ്യപ്പെട്ട നിയമസഹായം നൽകുമെന്നും നന്ദകുമാർ പറഞ്ഞു.

No comments:

Post a Comment