Breaking

Tuesday, 1 February 2022

ബജറ്റ്; സുപ്രധാന പ്രഖ്യാപനങ്ങൾ ഇങ്ങനെ…


2022–23 സാമ്പത്തികവർഷത്തെ ബജറ്റ് അവതരണം പൂർത്തിയായി. ഒന്നര മണിക്കൂർ മാത്രം നീണ്ടതായിരുന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം.ഇന്ത്യ 9.2 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. സാമ്പത്തികമുന്നേറ്റം ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന്റെ ശക്തി തെളിയിച്ചു. കോവിഡ് മൂലം ദുരിതം നേരിട്ടവര്‍ക്ക് ധനമന്ത്രി പിന്തുണ പ്രഖ്യാപിച്ചു.


 ബജറ്റിന്റെ ലക്ഷ്യം അടുത്ത 25 വര്‍ഷത്തെ വളര്‍ച്ചയ്ക്ക് അടിത്തറപാകലാണെന്നും ധനമന്ത്രി പറഞ്ഞു. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍ തുടങ്ങി ഏഴ് ഗതാഗത മേഖലകളില്‍ ദ്രുതവികസന കൊണ്ടുവരും. റെയില്‍വേ കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് നൂതനപദ്ധതികള്‍ നടപ്പാക്കും. ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.


 

പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യവസായങ്ങൾക്കു പിന്തുണ എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി പദ്ധതി 2023 വരെ നീട്ടി. പദ്ധതിയുടെ കവറേജ് 5 ലക്ഷം കോടിയായി വർധിപ്പിച്ചു. 



ഡ്രോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ‘ഡ്രോണ്‍ ശക്തി’ പദ്ധതിക്കു പ്രോത്സാഹനം നല്‍കും. നദീസംയോജനത്തിന് കരട് പദ്ധതി രേഖ തയാർ. ജൽജീവൻ മിഷന് 60,000 കോടി അനുവദിക്കും അഞ്ചു നദീസംയോജനപദ്ധതികൾ ഉടൻ നടപ്പാക്കും. 2 ലക്ഷം അങ്കണവാടികൾ നവീകരിക്കും ഓഡിയോ, വിഷ്വൽ പഠനരീതികൾ കൊണ്ടുവരും. നഗര ഗതാഗതത്തിനു പ്രത്യേക പദ്ധതി വൈദ്യുതി വാഹനങ്ങൾ ഉൾക്കൊള്ളിച്ച് പൊതുഗതാഗത സോണുകൾ


 


ആദായനികുതി റിട്ടേൺ പരിഷ്കരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ടുവർഷം സാവകാശം നൽകും. റിട്ടേൺ അധികനികുതി നൽകി മാറ്റങ്ങളോടെ ഫയൽ ചെയ്യാം. മറച്ചുവച്ച വരുമാനം പിന്നീടു വെളിപ്പെടുത്താനും അവസരമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. ആദായ നികുതിയിൽ പുതിയ ഇളവുകളില്ല. ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. 




എയർ ഇന്ത്യയ്ക്കു പിന്നാലെ എൽഐസിയും ഉടൻ സ്വകാര്യവൽക്കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. 5ജി ഇന്റർനെറ്റ് ഈ വർഷം തന്നെ. ഇതിനായി 5ജി സ്പെക്ട്രം ലേലം നടത്തും. സ്വകാര്യ കമ്പനികൾക്ക് 5ജി ലൈസൻസ് നൽകും. ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കും. ചിപ്പ് ഘടിപ്പിച്ച ഇ– പാസ്പോർട്ട് ഉടൻ നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

No comments:

Post a Comment