വെഞ്ഞാറമൂട്: വിവാഹത്തിന് മിനിട്ടുകൾ മാത്രം ശേഷിക്കേ വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ ഓഡിറ്റോറിയത്തിൽ രണ്ടുകൂട്ടരുടേയും ബന്ധുക്കൾ തമ്മിൽ സംഘർഷം. ഒടുവിൽ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇന്നലെ വെഞ്ഞാറമൂട്ടിലെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം.
വെഞ്ഞാറമൂട് സ്വദേശിയായ യുവതിയും നിലമേൽ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള വിവാഹമായിരുന്നു ഇവിടെ നടക്കേണ്ടിയിരുന്നത്. ഒരു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതിന് ശേഷം യാതൊരു പ്രശ്നങ്ങളും ഇവർ തമ്മിൽ ഉണ്ടായിരുന്നില്ല. കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം വിവാഹം നടത്താനായിരുന്നു ബന്ധുക്കൾ തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വിവാഹത്തിന് ദിവസം കുറിച്ചത്. രാവിലെ ഓഡിറ്റോറിയത്തിൽ എത്തിയ വരനേയും കൂട്ടരേയും പെൺകുട്ടിയുടെ ബന്ധുക്കൾ സ്വീകരിച്ച് ആനയിച്ചപ്പോഴും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ അല്പം കഴിഞ്ഞതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു.
സ്വീകരണസമയത്ത് അണിയിച്ച ഹാരം ഊരിയെറിഞ്ഞ വരൻ ഈ വിവാഹം വേണ്ടെന്നും താൻ പിന്മാറുകയാണെന്നും ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇത് കേട്ടതോടെ ചടങ്ങിനെത്തിയവർ അന്തം വിട്ടു. വരന്റെ ബന്ധുക്കളിൽ ചിലരും ഈ തീരുമാനത്തിന് ഒപ്പം നിന്നതോടെ ആകെ പ്രശ്നമായി.ഇന്നലെ രാത്രി ഗൾഫിൽ നിന്ന് തന്റെയും സഹോദരിയുടെയും ഫോണിൽ ഒരു യുവാവ് വിളിച്ചെന്നും, കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുമായി താൻ അടുപ്പത്തിലാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും ഇയാൾ ആവശ്യപ്പെട്ടെന്നുമാണ് വരൻ പറഞ്ഞത്.
ഇതോടെ സംഭവം കൈയാങ്കളിയിലെത്തി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. ഇരുകൂട്ടരുമായി പൊലീസ് നടത്തിയ ചർച്ചയിൽ വിവാഹം വേണ്ടെന്ന് വയ്ക്കുകയാണെന്നും ഉണ്ടായ കഷ്ടനഷ്ടങ്ങൾക്ക് ഇരുകൂട്ടർക്കും പരാതിയില്ലെന്നും പറഞ്ഞതോടെ എല്ലാവരും പിരിഞ്ഞുപോകുകയായിരുന്നു.
No comments:
Post a Comment