Breaking

Wednesday, 6 October 2021

പൊന്മുടി വനമേഖലയിലുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം

 


വിതുര: കഴിഞ്ഞ ദിവസങ്ങളിൽ പൊന്മുടി വനമേഖലയിലുണ്ടായ കനത്ത മഴയിൽ  വ്യാപക നാശനഷ്ടം . രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്‌ടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോർട്ട്. കാർഷിക മേഖലയിലാണ് കൂടുതൽ ദുരിതമുണ്ടായത്. ചൊവാഴ്‌ച ഉച്ചയ്‌ക്ക് രണ്ടോടെയാണ് പൊന്മുടി വനമേഖലയിൽ ശക്തമായ മഴ തുടങ്ങിയത്. നാലോടെ കല്ലാറിലേക്ക് അതിശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. 



വനത്തിൽ നിന്ന് ധാരാളം മരങ്ങളും പാറകളും ഒഴുകിയെത്തി. നദീതീരം വ്യാപകമായി ഇടിഞ്ഞുവീഴുകയും ഏക്കർ കണക്കിന് കൃഷി ഭൂമി ഒലിച്ചുപോകുകയും ചെയ്‌തിട്ടുണ്ട്. മലവെള്ളപ്പാച്ചിലിന്റെ തീവ്രത മണിക്കൂറുകൾ നീണ്ടതോടെ കല്ലാർ ഗതിമാറി ഒഴുകി. കല്ലാർ, മണക്കുടി, കൊങ്ങമരുതുംമൂട്, ഗോൾഡൻവാലി ആദിവാസി മേഖലകളിലാണ് മലവെള്ളപ്പാച്ചിൽ കൂടുതൽ നാശം വിതച്ചത്. മണക്കുടിയിൽ നടപ്പാലും ഒലിച്ചുപോകുകയും റോഡ് തകരുകയും ചെയ്‌തു. മഴയെ തുടർന്ന് ആദിവാസി കോളനികളും ഒറ്റപ്പെട്ട അവസ്ഥയിലായി.


മലവെള്ളപ്പാച്ചിലിനെ തുടർന്ന് പൊന്മുടി റോഡിൽ പത്തോളം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഇന്നലെയും പൊന്മുടി വനമേഖലയിൽ ശക്തമായ മഴ പെയ്‌തു. പൊന്മുടി പൊലീസും വിതുര പൊലീസും വില്ലേജ് ഓഫീസർമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഇന്നലെ പൊന്മുടി, കല്ലാർ മേഖലകളിലെ സ്ഥലങ്ങൾ സന്ദർശിച്ചു. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

No comments:

Post a Comment