കൊല്ലം :-ചടയമംഗലം മണിയൻമുക്കിൽ 80 കാരിയുടെ മരണത്തിൽ മകൻ അറസ്റ്റിൽ. മണിയൻ മുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ മരണത്തിലാണ് മകൻ അനി മോഹൻ എന്ന അനീഫ് മുഹമ്മദ് അറസ്റ്റിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് അറസ്റ്റ്. മാസങ്ങൾക്ക് മുൻപ് ഇയാൾ അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി.
അമ്മുക്കുട്ടി അമ്മയെ മകൻ അനി മോഹൻ ക്രൂരമായി മർദ്ധിക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അഞ്ചു മാസങ്ങൾക്ക് മുൻപുള്ള ദൃശ്യങ്ങളാണിത്. മർദ്ദനമേറ്റ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മുക്കുട്ടി അമ്മയെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിറ്റേദിവസം തന്നെ ഡിസ്ചാർജ് വാങ്ങി കൊണ്ടുവന്നു. ശേഷം അമ്മ പൂർണമായും കിടപ്പിലായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്.
തുടർന്ന് കഴിഞ്ഞദിവസമാണ് അമ്മുകുട്ടി അമ്മ മരണപ്പെട്ടത്. എന്നാല്‍ നാട്ടുകാരിൽ ചിലർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തില്‍ മാസങ്ങൾക്കുമുമ്പ് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു. അമ്മുക്കുട്ടി അമ്മയെ മകന്‍ സ്ഥിരമായി മർദ്ദിക്കുമായിരുന്നു എന്നും, ജോലിക്ക് പോകുമ്പോൾ അമ്മയെ വീട്ടിൽ അടച്ചിടുമായിരുന്നു എന്നും അയല്‍വാസികള്‍ മൊഴി നല്‍കി. അമ്മ ആഹാരം കഴിക്കാത്തതിനാൽ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
No comments:
Post a Comment