Breaking

Sunday, 3 October 2021

ചെലവ് 450 കോടി ; എക്സ്പോയിൽ തലയുയർത്തി ഇന്ത്യ പവിലിയൻ



ദുബായ് : ഇന്ത്യയുടെ വൈവിധ്യവും നിക്ഷേപ സാധ്യതകളും പ്രതിഫലിപ്പിക്കുന്നതാണ് 450 കോടി ചെലവിൽ നിർമിച്ച എക്സ്പോ 2020 ഇന്ത്യ പവിലിയൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.


തുറന്ന മനസ്സ് , അവസരം , വളർച്ച എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണിതെന്ന് ഉദ്ഘാടന ചടങ്ങിനെ ഓൺലൈനിൽ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി വിശദീകരിച്ചു . 


കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് ഉദ്ഘാടനം നിർവഹിച്ചത് . 4 നിലകളിലായി 8750 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പവിലിയൻ സ്ഥിരനിർമിതിയാണ് . സ്വയം തിരിയുന്ന 600 ൽ ഏറെ ഡിജിറ്റൽ ബ്ലോക്കുകൾ ചേർത്താണ് പുറംഭാഗം രൂപ കൽപന ചെയ്തത് . ഇവിടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ തെളിയും.


ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നാണിത് . താഴത്തെ നിലയിൽ ഇന്ത്യൻ പൈതൃകവും യോഗയുടെ മഹത്വവും വ്യക്തമാക്കുന്നതിനൊപ്പം ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ വളർച്ചയും പ്രദർശിപ്പിച്ചിട്ടുണ്ട് .


ഇന്ത്യൻ പൈതൃക കലാരൂപങ്ങളാണ് രണ്ടാം നിലയിൽ . മെയ്ക്ക് ഇൻ ഇന്ത്യ , പാരമ്പര്യേതര ഊർജ മേഖലയിലെ ഇന്ത്യൻ സാധ്യതകൾ തുടങ്ങിയവ 3 -ാം നിലയിലുണ്ട് . 


ആദ്യത്തെ രണ്ടാഴ്ച ഗുജറാത്തിന്റെ വളർച്ചയും നിക്ഷേപ സാധ്യതകളും അവതരിപ്പിക്കും . തുടർന്ന് വിവിധ സംസ്ഥാനങ്ങൾക്ക് അതിന് അവസരമുണ്ട് . ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ . അഹമ്മദ് അൽ ബന്ന , യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ , കോൺസൽ ജനറൽ ഡോ . അമൻപുരി , പ്രവാസി വ്യവസായി എം.എ. യൂസഫലി , ഡോ . ആസാദ് മൂപ്പൻ , അദീബ് അഹമ്മദ് , ഉന്നത ഉദ്യോഗസ്ഥർ , ഇന്ത്യൻ വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.


എക്സ്പോയ്ക്കു ശേഷം ഇന്ത്യയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കും ബിസിനസ് സമ്മേളനങ്ങൾക്കും പവിലിയൻ ഉപയോഗിക്കാം .

No comments:

Post a Comment