Breaking

Friday, 3 September 2021

സ്വർണക്കടത്ത് കാണാതായ അൽ അമീൻ തിരിച്ചെത്തി കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്തു .



വിമാനത്താവളത്തിൽനിന്നു കാണാതായ സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള കല്ലറ സ്വദേശി അൽ അമീൻ തിരിച്ചെത്തി. കഴിഞ്ഞ ദിവസം രഹസ്യമായി വീട്ടിലെത്തിയതറിഞ്ഞ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസ് അറിയിച്ചതനുസരിച്ച് കസ്റ്റംസ്, ഐ.ബി. സംഘങ്ങൾ സ്റ്റേഷനിലെത്തി അൽ അമീനെ ചോദ്യംചെയ്തു.കഴിഞ്ഞ 13  നാണ്  പാങ്ങോട് പുലിപ്പാറ കുന്നില്‍ വീട്ടില്‍ അല്‍ അമീനെ (24 ) തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു കാണാതായത്


ദുബായിൽനിന്നെത്തിയ ഇയാളെ ആഗസ്റ്റ് 13-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നാണ് കാണാതായത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഭീഷണികളെ തുടർന്നാണ് ഒളിവിൽപ്പോയതെന്നാണ് സംശയിക്കുന്നത്.മൂന്ന് ക്യാപ്സ്യൂളുകളായി ഒരു കിലോയോളം സ്വർണം ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തിയതായാണ് ഇയാളിൽനിന്നു ലഭിച്ച വിവരം.


കൊണ്ടോട്ടി സ്വദേശി സാബിദ് എന്നയാളാണ് അൽ അമീനെ വിമാനത്താവളത്തിൽനിന്നു കൊണ്ടുപോയത്. അൽ അമീനെ ഉപയോഗിച്ച് സ്വർണം കടത്തിയത് മഞ്ചേരി സംഘമാണ്. കൂടുതൽ തുക വാഗ്ദാനംചെയ്തതോടെ അൽ അമീൻ കൊണ്ടോട്ടി സംഘത്തോടൊപ്പം പോവുകയായിരുന്നു.


മഞ്ചേരി സംഘം അൽ അമീന്റെ വീട്ടിലത്തെി ബഹളംവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ഇയാൾ കൊണ്ടോട്ടി സംഘത്തോടൊപ്പംതന്നെ ഒളിവിൽക്കഴിയാൻ തീരുമാനിച്ചു. സ്വർണം വില്പന നടത്തിയ ശേഷം തുക നൽകാമെന്നായിരുന്നു സാബിദിന്റെ വാഗ്ദാനം.എന്നാൽ, വാഗ്ദാനം ചെയ്ത കമ്മിഷൻ ഇതുവരെ അൽ അമീന് കിട്ടിയിട്ടില്ലെന്നാണ് സൂചന.


പോലീസിൽ ആളെ കാണാതായതിനുള്ള കേസ്‌ മാത്രമേയുള്ളൂ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളുള്ളതിനാൽ പോലീസ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശവും തേടിയതായി ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജ് പറഞ്ഞു. കേന്ദ്ര ഏജൻസികളെ വിവരമറിയിച്ചതും ഇതിനെത്തുടർന്നാണ്. സാബിദിന്റെയും അൽ അമീന് ഒപ്പമുണ്ടായിരുന്നവരുടെയും ഫോൺവിളികളും മറ്റു വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.


അൽ അമീനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ വലിയതുറ പോലീസ് കേസെടുത്തിരുന്നു. അൽ അമീൻ കേരള-കർണാടക അതിർത്തിപ്രദേശങ്ങളിൽ ഒളിവിൽക്കഴിയുന്നതായി കണ്ടെത്തി. തുടർന്ന് കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ മാറി മാറി ഒളിവിൽക്കഴിയുകയായിരുന്നു


No comments:

Post a Comment