കൊല്ലം: ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. കാലില്‍ വെരിക്കോസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം കോവിഡ് പോസിറ്റീവായ രോഗിയാണ് ചികിത്സ കിട്ടാതെ കൊല്ലം ജില്ലയിൽ ആശുപത്രിയ്ക്ക് പുറത്ത് ആംബുലന്‍സില്‍ കിടന്ന് മരിച്ചത്. പരവൂര്‍ പാറയില്‍കാവ് പുതുവല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പാരിപ്പള്ളി പള്ളിവിള വീട്ടില്‍ ബാബു(67)ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിൽ വച്ചായിരുന്നു മരണം.
ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ബാബുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജാശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷെ ആശുപത്രി അധികൃതര്‍ രോഗിയെ പ്രവേശിപ്പിക്കാന്‍ തയാറായില്ല. തുടര്‍ന്ന് പരിസരത്തുണ്ടായിരുന്നവരുടെ പ്രതിഷേധത്തുടര്‍ന്ന് ആശുപത്രി ജീവനക്കാരന് ആംബുലന്‍സിലെത്തി പരിശോധിച്ചു മടങ്ങുകയായിരുന്നു.
രോഗിയ്ക്ക് സീരിയസായിരുന്നിട്ടും അത്യാഹിത വിഭാഗത്തില്‍ അറിയിച്ചിട്ടും ആശുപത്രിയിൽ നിന്ന് തുടർ നടപടികൾ ഉണ്ടായില്ല. വീണ്ടും പരിസരത്തുണ്ടായിരുന്നവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ട്രോളിയുമായി ആശുപത്രി ജീവനക്കാരനെത്തിയപ്പോഴേക്കും രോഗി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ വീണ്ടും വലിയ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
No comments:
Post a Comment