Breaking

Friday, 17 September 2021

അഞ്ചലിൽ പാല്‍ വിതരണ വാനിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം


കൊല്ലം: അഞ്ചലില്‍ ടെമ്ബോ ഡ്രൈവര്‍ക്ക് കാര്‍ യാത്രികരായ മൂന്നംഗസംഘത്തിന്റെ ക്രൂരമര്‍ദനം. തന്റെ വണ്ടിയില്‍ കാര്‍ തട്ടിയത് ചോദ്യം ചെയ്തതിനാണ് മൂന്നംഗം സംഘം, ഡ്രൈവറെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കൊല്ലം കടവൂര്‍ സ്വദേശി സജീവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. അഞ്ചല്‍ സ്വദേശികളായ മൂന്നു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.


സ്വന്തം വാഹനത്തില്‍ കാറിടിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് ഡ്രൈവറെ കൂട്ടം ചേര്‍ന്ന് തല്ലിയത്. മില്‍മയുടെ കവറുപാല്‍ വിതരണക്കാരനാണ് ടെമ്‌ബോ ഡ്രൈവറായ സജീവ്. പാലുമായി വരുന്നതിനിടെ അക്രമികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ടെമ്‌ബോയില്‍ ഇടിച്ചു. ടെമ്‌ബോയുടെ ലൈറ്റ് തകര്‍ന്നിട്ടും കാര്‍ നിര്‍ത്താതെ പോയി. അഞ്ചല്‍ ചന്തമുക്കിന് സമീപം കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സജീവ് അപകടത്തെ കുറിച്ച്‌ മൂന്നംഗ സംഘത്തോട് ചോദിച്ചു. ഇതില്‍ പ്രകോപിതരായ മൂന്നംഗ സംഘം സജീവിനെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു.


അഞ്ചല്‍ സ്വദേശികളായ ശ്യാം, സുരേഷ്, സിറാജ് എന്നിവരാണ് ആക്രമിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മൂന്നു പേര്‍ക്കുമെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

No comments:

Post a Comment