പോത്തൻകോട് : കാർ ഇടിച്ചു മരിച്ച യുവാവിന്റെ ഭാര്യയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് അയിരൂപ്പാറ പാറവിളാകം സൂര്യാഭവനിൽ സൂരജ് എസ്സിന്റെ ഭാര്യ മിഥുന (22) ആണ് മരിച്ചത്.പ്ലാമൂട് ചിറ്റിക്കര പാറ കുളത്തിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം. മിഥുനയുടെ ഭർത്താവ് സൂരജ് കുറച്ചു ദിവസം മുൻപ് ബൈപാസിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.
സെപ്റ്റംബർ 5ന് ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. തിരുവല്ലത്തുനിന്ന് ഈഞ്ചക്കൽ ഭാഗത്തേക്കു പോകുകയായിരുന്നു കാറും ബൈക്കും. നഴ്‌സിങ് വിദ്യാർഥിനിയായ ഭാര്യ മിഥുനയെ തിരുവല്ലത്തെ നഴ്‌സിങ് സ്കൂളിലാക്കിയ ശേഷം തിരികെ പോത്തൻകോട്ടുള്ള വീട്ടിലേക്കു മടങ്ങുകയായിരുന്നു സൂരജ്. ഇതിനിടെയായിരുന്നു അപകടം. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് സൂരജിന്റെ ബൈക്കിൽ ഇടിക്കുകയും കാർ ബൈപ്പാസിലെ ഡിവൈഡറിലേക്കു പാഞ്ഞുകയറി മറിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ സൂരജിന്റെ ഇടതുകൈ അറ്റു തെറിച്ചു.
അപകടത്തിനിടയാക്കിയ കാറിൽനിന്ന് ഇറങ്ങിയോടിയ മൂന്നു പേരെ നാട്ടുകാരാണ് പിടികൂടി പോലീസിൽ ഏല്പിച്ചത്. കാറിൽ നിന്ന് മദ്യക്കുപ്പിയും നാട്ടുകാർ കണ്ടെത്തിയിരുന്നു. കാറോടിച്ചിരുന്നത് ആറ്റിങ്ങൽ മൂന്നുമുക്ക് സ്വദേശിയും നിരവധി സ്ഥാപനങ്ങളുടെ ഉടമയുമായ ബ്രൗൺ(52)ആയിരുന്നു. മറ്റു രണ്ടുപേരും കാറിൽ ഉണ്ടായിരുന്നു.
No comments:
Post a Comment