കോവളം: ഭർത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി പൊലീസുകാരെയും നാട്ടുകാരെയും വട്ടംചുറ്റിച്ചു. സ്വന്തം വസ്ത്രങ്ങൾ കീറി കുറ്റിക്കാട്ടിലെറിഞ്ഞശേഷം അപായപ്പെടുത്തിയതെന്ന് വരുത്താൻ പരിസരത്ത് ചുവന്ന ക്യൂട്ടക്സ് ഒഴിച്ച പോത്തൻകോട് സ്വദേശിയാണ് എല്ലാവരെയും ആശങ്കയിലാക്കിയത്.
വിവരമറിഞ്ഞ് ഫോർട്ട് അസി.കമ്മിഷണർ ഷാജി, കോവളം സി.ഐ പ്രൈജു എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിസരത്തെ കുറ്റിക്കാടുകളും തെങ്ങിൽ തോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളും അരിച്ചുപെറുക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ഒടുവിൽ ഉച്ചയോടെ വലിയതുറ സ്റ്റേഷൻ പരിധിയിൽ നിന്ന് യുവതിയെ കണ്ടെത്തിയതോടെയാണ് ഒരു ദിവസം നീണ്ട നാടകത്തിന് തിരശ്ശീല വീണത്.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ചൊവ്വര അടിമലത്തുറ സ്വദേശിയായ 21കാരനൊപ്പം ഇക്കഴിഞ്ഞ മാർച്ചിലാണ് യുവതി ഒളിച്ചോടിയത്. പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാത്ത യുവാവിന്റെ വീട്ടിലെ ദയനീയ അവസ്ഥയാകാം പിണക്കത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു.
No comments:
Post a Comment