ആറ്റിങ്ങല്‍: പതിനഞ്ചുകാരിയില്‍ നിന്ന് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മണമ്പൂര്‍ കവലയൂര്‍ കുളമുട്ടം എന്‍.എസ്.ലാന്‍ഡില്‍ എന്‍.ഷിബിന്‍ (26), അമ്മ ഷാജില (52) എന്നിവരെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിയായ പെണ്‍കുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് മനസ്സിലാക്കിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
ഷിബിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ സ്വര്‍ണം വിറ്റ് സൂക്ഷിച്ചിരുന്ന 9,80,000 രൂപ കണ്ടെടുത്തിട്ടുണ്ട്.
ഏഴുമാസം മുമ്പാണ് തട്ടിപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് ഷിബിന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബത്തെക്കുറിച്ചും സാമ്പത്തികസ്ഥിതിയെക്കുറിച്ചും മനസ്സിലാക്കിയശേഷം ഇയാള്‍ തന്റെ സാമ്പത്തികപ്രയാസങ്ങളെക്കുറിച്ച് സമൂഹമാധ്യത്തില്‍ പോസ്റ്റിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി വിവരങ്ങള്‍ ചോദിച്ചു.
പെണ്‍കുട്ടിയെ വശത്താക്കിയ ഷിബിന്‍ സ്വര്‍ണം ആവശ്യപ്പെട്ടു. തുടര്‍ന്ന് കിടപ്പ്മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം വീട്ടുകാരറിയാതെ പെണ്‍കുട്ടി ഷിബിന് കൈമാറി. അടുത്തിടെ വീട്ടുകാര്‍ അലമാര പരിശോധിച്ചപ്പോള്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി മനസ്സിലാക്കി. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. തനിക്ക് 27 പവന്‍ സ്വര്‍ണം ലഭിച്ചിട്ടുണ്ടെന്നും അത് വിറ്റ് കിട്ടിയപണമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്നുമാണ് ഷിബിന്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്.
സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന്‍ ഷിബിനെ സഹായിച്ചത് ഷാജിലയാണ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
No comments:
Post a Comment