Breaking

Thursday, 5 August 2021

കൊല്ലം ബീച്ചില്‍ തിരയിൽപ്പെട്ട പതിനഞ്ചുകാരിയെ രക്ഷപ്പെടുത്തി




കൊല്ലം :കൊല്ലം ബീച്ചില്‍ തിരയില്‍പെട്ട പതിനഞ്ച് വയസുകാരിയെ ലൈഫ് ഗാര്‍ഡ് സംഘം രക്ഷപ്പെടുത്തി. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം ബീച്ചിലെത്തിയ പോളയത്തോട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയോടെ ബീച്ചിലെ ലൈഫ് ഗാര്‍ഡ് ടവറിന് 300 മീറ്റര്‍ അകലെയായിരുന്നു അപകടം. 


ആരുടെയും ശ്രദ്ധയില്‍പ്പെടാതെ സുഹൃത്തുക്കളോടൊപ്പം കടലില്‍ ഇറങ്ങിയ പെണ്‍കുട്ടി തിരയില്‍പ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ലൈഫ് ഗാര്‍ഡ് സൂപ്പര്‍വൈസര്‍ എം.കെ. പൊന്നപ്പന്റെ നേതൃത്വത്തില്‍ ലൈഫ് ഗാര്‍ഡുകളായ ഷാജി ഫ്രാന്‍സിസ്, സുരേഷ് ബാബു, പ്രഭകുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കരയില്‍ എത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



കൊല്ലം ബീച്ചില്‍ അപകടകരമാംവിധം തിരയടിക്കുന്ന സമയമാണിപ്പോള്‍. 15 മുതല്‍ 22 വരെ അടി ഉയരത്തിലുള്ള തിരയേറ്റം ഈ മാസം അവസാനം വരെ തുടരും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബീച്ചില്‍ നിലവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഇവിടെ എത്തുന്നവരെ മടക്കി അയക്കുകയാണ് പതിവ്. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ എത്തുന്നവര്‍ തങ്ങളുടെ മുന്നറിയിപ്പുകള്‍ പാലിക്കാറില്ലെന്ന് ലൈഫ് ഗാര്‍ഡുമാര്‍ പറഞ്ഞു.



No comments:

Post a Comment