Breaking

Saturday, 14 August 2021

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ പുഴുവരിച്ച രോഗി മരിച്ചു



തിരുവനന്തപുരം: കൊവിഡ് ചികിത്സയിലിരിക്കെ പുഴുവരിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അനില്‍കുമാര്‍ (56) മരിച്ചു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് പുഴുവരിച്ചത്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ അനില്‍കുമാര്‍ പിന്നെ ആരോഗ്യം വീണ്ടെടുത്തിരുന്നില്ല. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വച്ചാണ് മരണം.


കഴിഞ്ഞവര്‍ഷം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ തെന്നി വീണ് പരിക്കേറ്റതിന് ചികില്‍സ തേടിയാണ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് പരിശോധനയില്‍ പോസ്റ്റീവ് ആണെന്ന് കണ്ടെത്തി. മക്കളോടും കുടുംബാംഗങ്ങളോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.  


ചികിത്സകഴിഞ്ഞ് വീട്ടിലെത്തിച്ച അനില്‍കുമാറിന്റെ ദേഹത്തു നിന്നും അസഹ്യമായ തരത്തില്‍ ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പേരൂര്‍ക്കടയിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പിന്നീട് നടത്തിയ ചികിത്സയിലാണ് അനില്‍കുമാര്‍ ആരോഗ്യനില വീണ്ടെടുത്തത്. കൊവിഡ് ചികിത്സയില്‍ കഴിയവെ തന്നെ കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും, ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്നും സംസാരശേഷി വീണ്ടെടുത്ത ശേഷം അനില്‍കുമാര്‍ പറഞ്ഞിരുന്നു.


സംഭവം സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ അനില്‍കുമാറിന്റെ കുടുംബം ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് പരാതി നല്‍കിയിരുന്നു. രണ്ട് ഡോക്ടര്‍മാരടക്കം 13 പേര്‍ക്കെതിരെയാണ് ആരോഗ്യവകുപ്പ് സംഭവത്തില്‍ നടപടിയെടുത്തിരുന്നത്.


No comments:

Post a Comment