Breaking

Tuesday, 3 August 2021

ഓണത്തിന്‌ മുന്നോടിയായി ജില്ലയിലെ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്‌തമാക്കി




കൊല്ലം :ഓണത്തിന്‌ മുന്നോടിയായി കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്‌തമാക്കി ജില്ലയിലെ തദ്ദേശസ്‌ഥാപനങ്ങള്‍. കച്ചവടസ്‌ഥാപനങ്ങളിലെ തിരക്ക്‌ നിയന്ത്രണ വിധേയമാക്കുന്നതിനായി വ്യാപാരികള്‍ക്ക്‌ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരില്‍ കോവിഡ്‌ പരിശോധന നടന്നുവരുന്നതായും പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു. 


ഡി കാറ്റഗറിയിലുള്ള അഞ്ചല്‍ ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളിലും എല്ലാ ദിവസവും ആന്റിജന്‍ പരിശോധന നടത്തും. തിങ്കളാഴ്‌ച നടത്തിയ പരിശോധനയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്‌ 5.55 ശതമാനലേക്ക്‌ എത്തി. അഞ്ചല്‍ ഈസ്‌റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്‌.എല്‍.ടി സിയില്‍ 57 രോഗികളുണ്ട്‌. ഇവര്‍ക്ക്‌ ആവശ്യമായ ഭക്ഷണവും മരുന്നുകളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എത്തിച്ചു നല്‍കുന്നുണ്ടെന്ന്‌ പ്രസിഡന്റ്‌ എസ്‌. ബൈജു പറഞ്ഞു. 


ശൂരനാട്‌ തെക്ക്‌ പഞ്ചായത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന നടത്തുന്നുവെന്ന്‌ പ്രസിഡന്റ്‌ എസ്‌. കെ. ശ്രീജ പറഞ്ഞു. കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ ഡി.സി.സിയില്‍ നിലവില്‍ 28 രോഗികളുണ്ട്‌. 188 പേര്‍ക്ക്‌ ആന്റിജന്‍ പരിശോധന നടത്തിയതില്‍ ആറുപേര്‍ പോസിറ്റീവ്‌ ആയി. പതിരോധ മരുന്നുകള്‍ വിതരണം ചെയ്‌തു. ആംബുലന്‍സ്‌ ഉള്‍പ്പെടെയുള്ള വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ ഉമാദേവി പറഞ്ഞു.


കൊട്ടാരക്കരയിലെ നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ആന്റിജന്‍, ആര്‍.ടി.പി. സി.ആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു. ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി. പാലിയേറ്റീവ്‌ രോഗികള്‍ക്ക്‌ വീടുകളിലെത്തി വാക്‌സിന്‍ നല്‍കി വരുന്നതായി പ്രസിഡന്റ്‌ ആര്‍.സത്യഭാമ പറഞ്ഞു. മേലിലയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന കിറ്റ്‌, ആയുര്‍വേദ-ഹോമിയോ പ്രതിരോധ മരുന്നുകള്‍ എന്നിവ വിതരണം ചെയ്‌തു. കോളനികള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ വര്‍ധിപ്പിച്ചു. 


മുഖത്തലയിലെ ഇളമ്ബള്ളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ വാക്‌സിനേഷന്‌ മുന്‍പ്‌ കോവിഡ്‌ പരിശോധന നിര്‍ബന്ധമാക്കിയതായി പ്രസിഡന്റ്‌ ആമിന ഷെരീഫ്‌ പറഞ്ഞു. കോവിഡ്‌ രോഗബാധിതര്‍ കൂടുതലുള്ള ഓച്ചിറയിലെ ക്ലാപ്പന ഗ്രാമപഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കിയതായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീപ്‌തി രവീന്ദ്രന്‍ പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭയില്‍ ബഡ്‌സ് സ്‌കൂള്‍, റോട്ടറി ക്ലബ്‌ വഴിയും മൊബൈല്‍ പരിശോധന യൂണിറ്റ്‌ വഴിയും കോവിഡ്‌ പരിശോധന വ്യാപകമാക്കി.



No comments:

Post a Comment