കൊല്ലം: വ്യാപാരികള്‍ക്കായി പ്രത്യേക കോവിഡ് പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുകയാണ് ജില്ലയിലെ തദ്ദേശസ്‌ഥാപനങ്ങള്‍.
ഓണത്തോടനുബന്ധിച്ച് വ്യാപാര സ്‌ഥാപനങ്ങള്‍ തുറക്കുന്നതിന് ഇളവുകള്‍ അനുവദിച്ചതോടെ പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. സി കാറ്റഗറിയിലുള്ള മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തില്‍ തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കായി പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്‌ദ് പറഞ്ഞു. ഡി.സി.സിയില്‍ 14 പേരാണ് ചികിത്സയിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്‌തു.
ഏരൂരില്‍ പോലീസ്, വ്യാപാരി-വ്യവസായികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പഞ്ചായത്ത്-വാര്‍ഡ് തലങ്ങളില്‍ യോഗം ചേരുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു.19 വാര്‍ഡുകളിലും എല്ലാദിവസവും ആന്റിജന്‍ പരിശോധന നടത്തിവരുന്നു. വാര്‍ഡ്‌തല ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ടി. അജയന്‍ പറഞ്ഞു.
തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ കച്ചവട സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. കൂടാതെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള പരിശോധന നടന്നുവരികയാണ്. പി.എച്ച്.സികള്‍ കേന്ദ്രീകരിച്ചും ദിവസവും പരിശോധന നടത്തുന്നുണ്ട്. സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നിരീക്ഷണവും പരിശോധനകളും വ്യാപകമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാവേദി പറഞ്ഞു. വെട്ടിക്കവലയിലെ ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. ടെസ്‌റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. കോളനികള്‍, കശുവണ്ടി ഫാക്‌ടറികള്‍ എന്നിവ കേന്ദ്രികരിച്ചു മാസ് ടെസ്‌റ്റ് ക്യാമ്ബയിന്‍ നടത്തി വരുന്നു.
ഹോമിയോ ആയുര്‍വേദ പ്രതിരോധമരുന്നുകള്‍ എല്ലാവാര്‍ഡുകളിലും വിതരണം ചെയ്‌തതായി പ്രസിഡന്റ് അമ്ബിളി ശിവന്‍ പറഞ്ഞു.
ഇത്തിക്കരയിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുജനങ്ങളില്‍നിന്ന് 93,500 രൂപ സംഭാവന ലഭിച്ചു. ഇത് കൂടാതെ 6.9 ലക്ഷം രൂപ പഞ്ചായത്തില്‍ നിന്നും വിനിയോഗിച്ചു. ഇതുവരെ 8,737 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്. 8,530 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി സെക്രട്ടറി കെ. സജീവ് അറിയിച്ചു. ചിറക്കര ഗവ. ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹവാസപരിചരണ കേന്ദ്രത്തില്‍ ഇതുവരെ 116 പേര്‍ക്ക് ചികിത്സ നല്‍കി.
പോസിറ്റീവായവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഉള്‍പ്പെടെ 350 പേര്‍ക്ക് ദിവസേന ജനകീയ ഹോട്ടലില്‍ നിന്നും സൗജന്യ ഭക്ഷണം നല്‍കി വരുന്നു. 16 വാര്‍ഡുകളിലായി 180 ആര്‍.ആര്‍.ടി. അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം പ്രതിരോധ മരുന്നുകളും ആവശ്യ വസ്‌തുക്കളും വീടുകളില്‍ എത്തിച്ചു നല്‍കുന്നു. മുഖത്തലയിലെ കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ ഡി.സി.സിയില്‍ നിലവില്‍ 21 രോഗികള്‍ ആണുള്ളത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍ നിന്നും ആന്റിജന്‍ കിറ്റുകളും മാസ്‌ക്കും ലഭിച്ചു. പഞ്ചായത്തില്‍ ഇതുവരെ 12,688 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പത്ത് ആംബുലന്‍സുകളുടെ സൗകര്യവും ലഭ്യമാണ്.
No comments:
Post a Comment