Breaking

Tuesday, 17 August 2021

ഗതാഗത നിയമലംഘനം: ‘കരിമ്പട്ടിക’യിൽ നാലരലക്ഷം വാഹനങ്ങൾ



തിരുവനന്തപുരം:തുടർച്ചയായി ഗതാഗത നിയമലംഘനത്തിന് മോട്ടോർവാഹനവകുപ്പ് കരിമ്പട്ടികയിൽപെടുത്തിയ വാഹനങ്ങളിൽനിന്നും പിഴയായി കിട്ടാനുള്ളത് 52.30 കോടിരൂപ. പിഴ അടയ്ക്കാതെ ഈ വാഹന ഉടമകൾ നിയമലംഘനം തുടരുന്ന അവസ്ഥയാണ്. നാലര ലക്ഷത്തോളം വാഹനങ്ങൾ ഈവിധത്തിൽ കരിമ്പട്ടികയിലുണ്ട്.


കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് മറ്റൊരുവാഹനത്തിൽ ഇടിച്ചിട്ട് നിർത്താതെപോയ കാറിന് 36,500 രൂപയാണ് വിവിധ ഗതാഗത നിയമലംഘനങ്ങൾക്കായി ചുമത്തിയത്. 2013 മുതലുള്ള കേസുകളിൽ ഈ കാറുടമ പിഴ ഒടുക്കിയിരുന്നില്ല. 2020-ൽ മാത്രം 22 തവണ അമിതവേഗത്തിന് പിഴ ചുമത്തപ്പെട്ടു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് വാഹന ഉടമയെ വിളിച്ചുവരുത്തി പിഴ അടപ്പിക്കുകയായിരുന്നു.


വലിയ കുടിശ്ശികയുള്ളവർക്കെതിരേ ജപ്തി നടപടി സ്വീകരിക്കുകയാണ് അധികൃതർക്ക് മുന്നിലുള്ള മാർഗ്ഗം. അല്ലെങ്കിൽ തുടർച്ചയായ നിയമലംഘനങ്ങൾ കണക്കിലെടുത്ത് രജിസ്ട്രേഷൻ റദ്ദാക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകാം. എന്നാൽ കേസുകളുടെ ബാഹുല്യം കാരണം ഈ രണ്ടുമാർഗ്ഗങ്ങളും ഫലപ്രദമല്ലാത്ത അവസ്ഥയാണ്.


'വാഹൻ' സോഫ്റ്റ്വേറിലേക്ക് മാറിയപ്പോഴാണ് കരിമ്പട്ടിക നിലവിൽവന്നത്. തുടർച്ചയായി നിയമലംഘനം കാണിക്കുന്നവരെ കരിമ്പട്ടികയിൽപെടുത്തി സമ്മർദത്തിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പിഴ കുടിശികയുടെ പേരിൽ സേവനങ്ങൾ നിഷേധിക്കരുതെന്ന ഹൈക്കോടതി വിധിയുടെ ബലത്തിൽ ടാക്സി, ട്രാൻസ്പോർട്ട് വാഹന ഉടമകൾ ഉൾപ്പെടെയുള്ളവർ ഇതിനെ മറികടക്കുകയാണ്.


ഓൺലൈൻ സംവിധാനമായ ഇ- ചെലാൻ വഴി പിഴ അടയ്ക്കാവുന്ന വിവരം ഡ്രൈവർമാർക്കും വാഹനയുടമകൾക്കും അറിയാത്തതും പിഴ അടയ്ക്കാൻ വൈകിക്കുന്നു. പിഴ ചുമത്തിയ വിവരം ഉടമയുടെ മൊബൈൽ നമ്പരിലേക്ക് എസ്.എം.എസായി അറിയിക്കാറുണ്ടെങ്കിലും പലരും കൃത്യമായ മൊബൈൽ നമ്പർ രജിസ്ട്രേഷൻ രേഖകളിൽ നൽകാറില്ല. വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ പിഴ ചുമത്താമെന്നതാണ് ഇ-ചെല്ലാൻ സംവിധാനത്തിന്റെ പ്രത്യേകത. ഇതു പ്രയോജനപ്പെടുത്തി ഒളിച്ച് നിന്ന് പിഴ ചുമത്തുന്ന ഉദ്യോഗസ്ഥരുമുണ്ട്.



No comments:

Post a Comment