Breaking

Monday, 2 August 2021

ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ് ഫൈനൽ മത്സരത്തെ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത എന്ന് തിരുത്തി എഴുതാം.


ടോക്യോ ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ്  ഫൈനൽ മത്സരത്തെ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത എന്ന് തിരുത്തി എഴുതാം. ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ 

രണ്ടു പേരും 2.37 മീറ്റർ ചാടി ഒരേ നിലയിൽ. മൂന്നവസരങ്ങൾ കൂടി കിട്ടിയിട്ടും  2.37 മീറ്ററിനു മുകളിലെത്താൻ രണ്ടുപേർക്കും കഴിഞ്ഞില്ല. പിന്നീട് ഓരോ അവസരം  കൂടി രണ്ടു പേർക്കും നൽകിയെങ്കിലും കാലിനു പരിക്കു പറ്റിയ തമ്പേരി അവസാന അവസരത്തിൽ  നിന്നും പിൻ വാങ്ങുന്നു.. ബാർഷിമിനു മുന്നിൽ സ്വർണം മാത്രം.... എതിരാളിയില്ലാതെ സ്വർണത്തിലേക്കടുക്കാവുന്ന നിമിഷം   മാത്രം. ഏറെ നാളത്തെ ആഗ്രഹവും ആവേശവും സഫലമാക്കാവുന്ന നിമിഷം. പക്ഷെ ബാർഷിം, ഒളിമ്പിക്സ്  ഒഫീഷ്യലിനോട് ചോദിച്ചത്  താൻ  ഇപ്പോൾ  പിന്മാറിയാൽ സ്വർണ്ണം ഞങ്ങൾ രണ്ടു പേർക്കുമായി പങ്കുവെക്കപ്പെടാനാകുമോ എന്നായിരുന്നു. 


ഒഫീഷ്യലും തൊട്ടടുത്ത്  നില്‍ക്കുകയായിരുന്ന  ജിയാന്മാര്‍കോ തമ്പേരിയും ഒരു നിമിഷത്തേക്ക് അമ്പരന്നിട്ടുണ്ടാകും. സ്വർണം പങ്കു വെക്കാനാകും എന്ന ഒഫീഷ്യലിന്റെ  മറുപടി  കിട്ടിയതോടെ   പിന്മാറുകയാണെന്ന് അറിയിക്കാൻ ബർഷിമിന് അധിക സമയം വേണ്ടിവന്നില്ല... പിന്നെ നമ്മൾ കണ്ടത് കണ്ണ് നിറയ്ക്കുന്ന  ഹൃദയം നിറയ്ക്കുന്ന  കാഴ്ചയാണ്. തമ്പേരി ഓടി വന്നു ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു.. ചുറ്റിലും സന്തോഷ കണ്ണീര്‍ മാത്രം. ഖത്തറിന്റെയും ഇറ്റലിയുടെയും പതാകകള്‍ ഒരുമിച്ചുയർന്നു... ആഘോഷത്തിന്റെ ആരവങ്ങൾ ഉയർന്നു. കായിക ലോകം സാക്ഷ്യം വഹിച്ചത്  സ്നേഹത്തിന്റെ മഹത്തായ അടയാളപ്പെടുത്തലിനെ... നിറവും മതവും  രാജ്യങ്ങളും  അപ്രസക്തമാക്കുന്ന മാനവീകതയെ.... ”ഇതാണ് ശരിയായ സ്പിരിറ്റ്, സ്‌പോര്‍ട്ട്‌സ്മാന്‍ സ്പിരിറ്റ്, ഞങ്ങള്‍ ആ സന്ദേശമാണ് ഇവിടെ നല്‍കുന്നത്” എന്നാണ് മുതാസ് ഈസാ ബാർഷിമിന് പറയാനുണ്ടായിരുന്നത്.

ലോകത്തെ ആനന്ദ കണ്ണീരിന്റെ ഉയരങ്ങളിലെത്തിച്ച പങ്കു വെക്കലിന്റെ മാനവിക മുഖമായി കായികലോകം ഈ നിമിഷത്തെ രേഖപ്പെടുത്തും. ഈ കാഴ്ചയല്ലാതെ മറ്റെന്താണ് ഈ പിടിച്ചടക്കലുകളുടെ കാലത്ത് ഒളിമ്പിക്സിന് നൽകുവാൻ.

No comments:

Post a Comment