തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിടൽ ഒഴിവാക്കി ആൾക്കൂട്ടം നിയന്ത്രിക്കുന്ന പുതിയ കോവിഡ് പ്രോട്ടോക്കോൾ ഒരുങ്ങുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യ വിദഗ്ധ സമിതിയാണ് പുതിയ ശുപാർശകൾ തയ്യാറാക്കുന്നത്. വാരാന്ത്യ ലോക്ഡൗണും മൂന്നു ദിവസത്തെ നിയന്ത്രണങ്ങളും ഉണ്ടാവില്ല. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് സർക്കാർ തീരുമാനമുണ്ടാവും.
നിലവിലെ നിയന്ത്രണങ്ങൾ ആൾക്കൂട്ടമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന വിമർശനം ഒടുവിൽ സർക്കാർ മുഖവിലയ്ക്കെടുക്കുകയായിരുന്നു. ടി.പി.ആർ. നിരക്കും രോഗികളുടെ എണ്ണവും മാനദണ്ഡമാക്കി സംസ്ഥാന തലത്തിൽ പൊതു നിയന്ത്രണം വേണ്ടതില്ലെന്ന നിലപാടിലാണ് വിദഗ്ധ സമിതി. പകരം ടി.പി.ആർ. കൂടിയ ഇടങ്ങൾ മൈക്രോ കണ്ടയിൻമെന്റ് മേഖലകളാക്കി തിരിച്ച് നിയന്ത്രണം കൊണ്ടുവരണം.
വെള്ളി, തിങ്കൾ ദിവസങ്ങളിൽ തിരക്ക് വർധിക്കാൻ കാരണമായ വാരാന്ത്യ ലോക്ഡൗൺ ഇനി വേണ്ടെന്നാണ് ശുപാർശ. മൂന്നു ദിവസം മാത്രം പ്രവർത്തനാനുമതിയുള്ള കടകൾക്ക് എല്ലാ ദിവസവും തുറക്കാം. പ്രവർത്തന സമയവും കൂട്ടാം. എന്നാൽ വിവാഹം, മരണം, മറ്റു പൊതുചടങ്ങുകൾ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം തുടരണം. മാനദണ്ഡങ്ങളിൽ മാറ്റം വരുമ്പോൾ ആൾക്കൂട്ട നിയന്ത്രണത്തിന് കർശന നിലപാടും സർക്കാർ സ്വീകരിക്കും. പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതോടൊപ്പം കോവിഡ് പരിശോധനകൾ ഇരട്ടിയാക്കാനും ശ്രമിക്കും.
രോഗ വ്യാപനത്തിൽ വർദ്ധനവുണ്ടെങ്കിലും ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുതലില്ല. വാക്സിനേഷൻ ഗുണം ചെയ്തുവെന്നതിന്റെ സൂചനയാണിത്. അതിനാൽ വാക്സിനേഷൻ കൂടുതൽ ഊർജിതമാക്കണം.
ആരോഗ്യ വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി ചർച്ച ചെയ്യും. തുടർന്നായിരിക്കും പുതിയ കോവിഡ് മാനദണ്ഡങ്ങൾ നിലവിൽ വരിക. ഓണക്കാലം വരാനുള്ളതിനാൽ കരുതലോടെയായിരിക്കും സർക്കാർ തീരുമാനം.
No comments:
Post a Comment