Breaking

Tuesday, 10 August 2021

വിവാദബ്‌ളോഗര്‍മാര്‍ക്ക് ഒടുവില്‍ ജാമ്യം ; 25000 രൂപയുടെ രണ്ട് ആള്‍ജാമ്യം ; 3500 രൂപ വീതം രണ്ടുപേരും കെട്ടിവെയ്ക്കണം



കണ്ണൂര്‍: വാഹന നിയമം ലംഘിച്ചതിന്റെ പേരില്‍ കേസെടുത്ത വിവാദ ബ്‌ളോഗര്‍മാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്ലോഗര്‍മാരായ എബിനും ലിബിനും ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള പിഴ അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 25000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും നല്‍കണം.


പൊതുമുതല്‍ നശിപ്പിച്ചതിന് ഓരോരുത്തരും 3500 രൂപ വീതം നല്‍കണം. ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തൽ, പൊതുമുതല്‍ നശിപ്പിക്കൽ എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. കലക്ടറേറ്റിലെ ആർ.ടി.ഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പിഴയടയ്ക്കാമെന്ന് ഇ ബുൾജെറ്റ് സഹോദരങ്ങൾ കോടതിയിൽ സമ്മതിച്ചിരുന്നു. ഓഫീസിലെ 7,000 രൂപ വില വരുന്ന കമ്പ്യൂട്ടര്‍ മോണിറ്റര്‍ തകര്‍ന്ന സംഭവത്തില്‍ പണം അടക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.


ഇവരുടെ വാഹന റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നും ലൈസന്‍സ് പിടിച്ചു വെയ്ക്കണമെന്നുമാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവരും നിയമലംഘനം നടത്താന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഇവര്‍ പൊതുമുതല്‍ നശിപ്പിച്ചതു സംബന്ധിച്ച് 7000 രൂപയുടെ നഷ്ടമാണ് താല്‍ക്കാലികമായി കണക്കാക്കുന്നത്. ഇരുവരെയും ഇന്നു വൈകിട്ടോടെ തന്നെ പുറത്തിറക്കാനാകുമെന്ന് അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഇവരെ പോലീസ് പിടികൂടിയത്.



No comments:

Post a Comment