Breaking

Friday, 23 July 2021

BSNL ൻ്റെ പേരിൽ തട്ടിപ്പ്… ഉപഭോക്താക്കൾ ജാഗ്രത !!


 BSNL എന്നു ചേർത്ത് വരുന്ന മെസേജ് കണ്ടാൽ തിരിച്ചു വിളിക്കുകയോ ലിങ്ക് ക്ലിക് ചെയ്യുകയോ അരുത്. പുതിയ തട്ടിപ്പ് ആണ്. ബി.എസ്.എൻ.എല്ലിനെ ആയുധമാക്കി പശ്ചിമബംഗാൾ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പുകാരാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി നിരവധി പേരുടെ പണം പോയതായാണ് സൈബർ പോലീസിനു കിട്ടിയ വിവരം. തട്ടിപ്പിനെതിരേ ഉപഭോക്താക്കൾ ജാഗ്രതയിലാവണമെന്ന് ബി.എസ്.എൻ.എൽ. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



കെ.വൈ.സി. രേഖകളുടെ (തിരിച്ചറിയൽ രേഖകൾ) അപ് ലോഡിങ്ങാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. മൊബൈൽ ഫോണുകളിൽ ഒരു മെസേജ് വരുന്നതാണ് ഇതിന്റെ ആദ്യ ഏർപ്പാട്. കെ.വൈ.സി. രേഖകൾ കമ്പനിയുടെ കൈവശം ഇല്ലെന്നും അത് അപ്‌ലോഡ് ചെയ്യാൻ ഒപ്പം ചേർത്ത നമ്പറിൽ വിളിക്കുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ വേണമെന്നാണ് നിർദേശം. 24 മണിക്കൂറിനുള്ളിൽ സിംകാർഡ് ബ്ലോക്ക് ആവുമെന്ന മുന്നറിയിപ്പും മെസേജിലുണ്ടാവും.



മെസേജിങ് സെന്ററുകളിൽനിന്ന് അയയ്ക്കുന്നു എന്ന ധാരണ ഉണ്ടാക്കാൻ മെസേജ് വരുന്നത് ചിലപ്പോൾ നമ്പറുകളിൽ നിന്നായിരിക്കില്ല. ബി.എസ്.എൻ.എൽ. എന്നതിനൊപ്പം ഏതെങ്കിലും രണ്ട് അക്ഷരങ്ങൾകൂടി ചേർത്തു വരുമ്പോൾ ആധികാരികമാണെന്ന തോന്നൽ ഉണ്ടാക്കാൻ തട്ടിപ്പുകാർക്ക് കഴിയുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാണ് ആവശ്യപ്പെടുക. അത് കഴിയുമ്പോൾ സിം കാർഡ് ആക്ടിവേഷനു വേണ്ടി 10 രൂപ റീചാർജ് ചെയ്യാൻ പറയും. എ.ടി.എം. കാർഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ. തുടങ്ങിയവയിൽ ഏതെങ്കിലും മാർഗത്തിലൂടെ വേണം റീചാർജ് എന്നും നിർദേശിക്കും. ഇതാണ് പണം പോവുന്നതിലേക്ക് വഴി തുറക്കുന്നത്.



നേരത്തേ ഡൗൺലോഡ് ചെയ്യിപ്പിച്ച മൊബൈൽ ആപ്പ് ഒരു മിററിങ് ആപ്ലിക്കേഷനാണ്. അതായത് ഉപഭോക്താവിന്റെ കൈവശമുള്ള മൊബൈൽ ഫോണിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് കാണാവുന്ന തരത്തിലുള്ള ആപ്പ്. റീചാർജ് ചെയ്യുമ്പോൾ കാർഡ് വിവരങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, യു.പി.ഐ. പിൻ എന്നിവയിൽ ഏതെങ്കിലും തട്ടിപ്പുകാരിലേക്ക് മൊബൈൽ മിററിങ് വഴി എത്തും. ഉടൻതന്നെ അക്കൗണ്ടിലെ പണം തട്ടിയെടുക്കും.



തൃശ്ശൂരിൽ കഴിഞ്ഞ ദിവസം ഒരാളുടെ അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ആലപ്പുഴയിൽ ഒരു അഭിഭാഷകൻ മെസേജിൽ കണ്ട നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോൾ തട്ടിപ്പുകാരൻ പറഞ്ഞത് “ഓൾ കേരളൈറ്റ്‌സ് ആർ ഫൂൾസ് (കേരളത്തിലുള്ളവരെല്ലാം വിഡ്ഢികളാണ്)” എന്നായിരുന്നു.




ഈ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എല്ലിൻ്റെ പ്രതികരണം ഇങ്ങനെയാണ് – കെ.വൈ.സി. വിവരങ്ങൾ ഉപഭോക്താക്കളിൽനിന്ന് ശേഖരിക്കുന്ന ഒരു നടപടിയും ബി.എസ്.എൻ.എല്ലിൽ ഇപ്പോഴില്ല. കണക്ഷൻ എടുക്കുന്ന സമയത്തുള്ള രേഖകൾ കമ്പനിയുടെ വശം ഉണ്ട്. ആരെയും ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിട്ടില്ല. സന്ദേശങ്ങളും അയയ്ക്കാറില്ല.



കടപ്പാട് – ബി.എസ്.എൻ.എൽ. കേരള സർക്കിൾ.


No comments:

Post a Comment