ചാത്തന്നൂര്‍ :ദേശീയപാതയില്‍ ചരക്ക് ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി രമേശ് ബാബുവിനെ (റമ്മീസ്, 43) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് ടവറും തെരുവ് വിളക്കുകളും തകര്‍ന്നു.
ഇന്നലെ പുലര്‍ച്ചെ നാലേകാലോടെ ചാത്തന്നൂര്‍ ജംഗ്ഷനില്‍ സബ്ട്രഷറിക്ക് മുന്നിലായിരുന്നു അപകടം. ലോറിയുടെ ഇന്ധനടാങ്ക് തകര്‍ന്ന് ഡീസല്‍ റോഡില്‍ പരന്നെങ്കിലും പൊലീസ്, ഫയര്‍ഫോഴ്സ്, കെ.എസ്.ഇ.ബി വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ദുരന്തം ഒഴിവായി. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ലോറി.
ഹൈവേ പൊലീസ് വിവരം അറിയിച്ചതനുസരിച്ച് പരവൂരില്‍ നിന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും ചാത്തന്നൂര്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ നിന്നുള്ളവരും സ്ഥലത്തെത്തി. വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം ഡീസല്‍ ഫയര്‍ഫോഴ്സ് വെള്ളം ചീറ്റിച്ച് കഴുകിക്കളഞ്ഞു.
ഈ സമയം സ്റ്റിയറിംഗ് വീലിനടിയില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സ് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളായ കിഷോര്‍, രാജീവ് എന്നിവര്‍ ചേര്‍ന്ന് ലോറിയുടെ കാബിന്‍ പൊളിച്ച് പുറത്തെടുത്തു. കാലിന് മൂന്നിലേറെ ഒടിവുകളുള്ള രമേശ് ബാബുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ചാത്തന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണ്‍, എസ്.ഐ രാജേഷ്, എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും പരവൂര്‍ ഫയര്‍ സ്റ്റേഷന്‍ അസി. ഓഫീസര്‍ യേശുദാസന്‍, ഗ്രേഡ് അസി. ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗ്നിശമനസേനാംഗങ്ങളും രണ്ടു മണിക്കൂറോളം പ്രവര്‍ത്തിച്ചാണ് വാഹനം റോഡില്‍ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
No comments:
Post a Comment