Breaking

Wednesday, 28 July 2021

പൊലീസിനെ ചോദ്യം ചെയ്യാൻ മാത്രമല്ല, പഠിക്കാനും മിടുക്കിയാണ് ​ഗൗരി നന്ദ’; പ്ലസ് ടുവിന് മികച്ച വിജയം


കൊല്ലം: ചടയമംഗലത്ത് ബാങ്കിൽ ക്യൂ നിന്നയാളെ കൊണ്ട് പെറ്റി അടപ്പിച്ച പൊലീസ് നടപടിയെ ചോദ്യം ​ഗൗരി നന്ദയ്ക്ക് പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം. പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ ​ഗൗരി കടയ്ക്കൽ ഹയർസെക്കൻററി സ്കൂളിലാണ് പഠിക്കുന്നത്. എപ്ലസ് അടക്കം 747 മാർക്കാണ് ഗൗരിനന്ദ സ്വന്തമാക്കിയത്. പഠനത്തിൽ മിടുക്ക് കാട്ടിയ ​ഗൗരിക്ക് അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയയും രം​ഗത്തുവന്നിട്ടുണ്ട്. കൂലിപ്പണിക്കാരനാണ് ​ഗൗരിയുടെ പിതാവ് അനിൽകുമാർ. അമ്മ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. അനുജൻ പത്താം ക്ലാസിൽ പഠിക്കുന്നു.



ഭാവിയിൽ സിഎക്കാരിയാകണമെന്നാണ് ​ഗൗരിയുടെ ​ആ​ഗ്രഹം. നേരത്തെ ചടയമം​ഗലം സംഭവത്തിൽ പൊലീസിനോട് വനിതാ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയും, ചുമത്തിയിട്ടുള്ള വകുപ്പുകളുമടക്കം വിശദീകരണം നൽകണം. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.



തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് കേരളാ പൊലീസ് വിവാദത്തിലായ സംഭവം നടക്കുന്നത്. ചടയമംഗലത്തെ തിരക്കുള്ള സമയത്ത് ബാങ്കിൽ ഇടപാടിനെത്തിയ ഒരു മുതിർന്ന വ്യക്തിക്ക് സാമൂഹിക അകലം പാലിച്ചില്ലെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകി. ചടയമംഗലം എസ്ഐ ശരൺലാലിന്റെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനെത്തിയ സംഘമാണ് നോട്ടീസ് നൽകിയത്.


തുടർന്ന് നോട്ടീസ് നൽകിയ വ്യക്തിയും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ സമയം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തിയ പെൺകുട്ടി വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്കും പൊലീസ് നോട്ടീസ് നൽകി. ഇതോടെ വാക്കുതർക്കം പൊലീസുകാരും പെൺകുട്ടിയും തമ്മിലായി.


സാമൂഹിക അകലം പാലിക്കാത്തതിനാണ് നോട്ടീസ് നൽകുന്നതെങ്കിൽ പോലീസിന് എന്തുകൊണ്ട് നോട്ടീസ് നൽകുന്നില്ലെന്ന് പെൺകുട്ടി ചോദിച്ചു. നോട്ടീസ് കൈപറ്റാനും പെൺകുട്ടി തയ്യാറായില്ല. ഇതോടെയാണ് പെൺകുട്ടിക്കെതിരെ കേസെടുക്കുന്ന നടപടിയിലേക്ക് കടന്നത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

No comments:

Post a Comment