വെമ്പായം: ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കട്ടയ്ക്കാൽ സ്വദേശി രമേശിനെ (55) വട്ടപ്പാറ പോലീസ് അറസ്റ്റു ചെയ്തു. അക്രമത്തിനുശേഷം വീട്ടിലെത്തി വിഷം കഴിച്ച ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
കന്യാകുളങ്ങര സ്വദേശി സുൽഫത്തി (47)നാണ് കുത്തേറ്റത്. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.ഇരുവരും രണ്ടു വർഷമായി പരിചയത്തിലാണെന്ന് പോലീസ് പറഞ്ഞു. ഇടക്കാലത്ത് സുൽഫത്ത് രമേശിനെതിരേ വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. സുൽഫത്ത് കന്യാകുളങ്ങരയിൽനിന്ന് നെടുവേലിയിലേക്ക് പോകുമ്പോൾ പിൻതുടർന്നെത്തിയ രമേശ് ഓട്ടോയിൽ കയറുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് എസ്.ഐ. ആന്റണി ജോസഫ് പറഞ്ഞു. കുത്തിയശേഷം രമേശ് വീട്ടിലേക്ക് പോവുകയും അവിടെവെച്ച് വിഷം കഴിക്കുകയുമായിരുന്നു. വിഷം കഴിച്ചതായി ഇയാൾ അറസ്റ്റു ചെയ്യാനെത്തിയ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കൈയ്ക്കു പരിക്കേറ്റ സുൽഫത്തിനെ കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി.
No comments:
Post a Comment