വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
കൊല്ലം ജില്ലയിലെ ചടയമംഗലം, ഇളവകോട് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 2 km സഞ്ചരിച്ചാൽ “കല്ലുമല പാറ” എന്ന സ്ഥലത്ത് എത്തിച്ചേരാവുന്നതാണ്. തികച്ചും ക്ഷേത്രാന്തരീക്ഷവും ഗ്രാമന്തരീക്ഷവും നിറഞ്ഞ ഒരു പ്രദേശമാണിവിടം. സാഹസിക ട്രക്കിങ് യാത്ര ഇഷ്ടപ്പെടുന്നവർക്ക് കല്ലുമല പാറ മനോഹരമായ കാഴ്ച്ചകളുടെ വിസ്മയമാണ് മലമുകളിൽ ഒരുക്കിയിരിക്കുന്നത് .
കല്ലുമല പാറ വ്യു പോയിന്റിൽ നിന്ന് നോക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജടായു പാറയും, ആയിരവല്ലിപാറയും നമ്മുക്ക് ഓരോത്തർക്കും കാണാൻ കഴിയും. കൂടാതെ ആയൂർ, ചടയമംഗലം പട്ടണങ്ങളുടെ മനോഹരമായ വിദൂര ദ്യശ്യങ്ങളും ഈ വ്യു പോയിന്റിൽ നിന്നാൽ കാണാൻ സാധിക്കും.
നല്ല തണുത്ത കാറ്റ് വീശി അടിക്കന്നൊരു പ്രദേശമാണിവിടം. ഇവിടെ പാറ മുകളിൽ ഒരു ശിവ ക്ഷേത്രമുണ്ട്. പ്രദേശ വാസികൾ കലേല്ലി അപ്പുപ്പൻ കാവ് ക്ഷേത്രമെന്നും, കലേല്ലി ശിവ ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു. ഇപ്പോൾ ക്ഷേത്രത്തിന്റെ പണികൾ നടന്ന് കൊണ്ട് ഇരിക്കുകയാണ്.
പടുകൂറ്റൻ പാറകളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. പാറമുകളിൽ ചുറ്റും കമ്പി വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, മഴക്കാലമായതിനാൽ പാറകളിൽ നല്ല വഴുക്കലുണ്ട്. പാറമുകളിൽ സ്വയം സുരക്ഷിത്വം ഇവിടെ വരുന്നവർ ദയവായി ഉറപ്പ് വരുത്തുക.
മദ്യം, മയക്കു മരുന്ന് നിരോധിത മേഖലയാണ്. പാറയുടെ സൈഡിൽ പോകരുത്, സൈഡിൽ ചെന്ന് നിൽക്കരുത്. പാദരക്ഷകൾ കഴിവതും ഒഴുവാക്കുക. ഇതൊക്കെ നമ്മൾ ഓരോത്തരും ശ്രദ്ധിച്ചാൽ നമ്മുടെ യാത്രകളെ നമ്മുക്കോരോത്തർക്കും മനോഹരമാക്കി തീർക്കാവുന്നതാണ്.
കല്ലുമല പാറയിൽ എത്തുന്ന സഞ്ചാരികൾ ദയവായി ശ്രദ്ധിക്കുക, പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും പാറയിലും പരിസര പ്രദേശങ്ങളിലും ഉപേക്ഷിക്കരുത്.
ആയൂർ പട്ടണത്തിലെ പാലം കഴിഞ്ഞ് മഞ്ഞപ്പാറ റൂട്ടിൽ നിന്ന് 100 മീറ്റർ കഴിഞ്ഞ് വലത്തോട്ട് ഉള്ള വഴിയിലൂടെയും കല്ലു മല പാറയിൽ എത്തിച്ചേരാവുന്നതാണ്.
No comments:
Post a Comment