തിരുവനന്തപുരം: സ്കൂട്ടറപകടം ആ ജീവന്‍ കവര്‍ന്നെടുത്തില്ലായിരുന്നുവെങ്കില്‍ ജെറി വര്‍ഗീസ് ഇനിയും ദീര്‍ഘനാള്‍ ജീവിക്കുമായിരുന്നു. വെറും 31 വയസുമാത്രമായിരുന്നു പ്രായം. തലയ്ക്ക് സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ഭാര്യ ജെലീന ജെറി വര്‍ഗീസും ഏകമകള്‍ രണ്ടുവയസുകാരി ലിന്‍സി പി എബ്രഹാമും ജീവിതത്തിലേയ്ക്ക് അയാള്‍ മടങ്ങിവരുമെന്ന പ്രതീക്ഷ കൈവിട്ടിരുന്നില്ല. മറ്റുള്ളവരുടെ ഏതൊരു സന്തോഷവും ജെറിയുടെ മനം നിറയ്ക്കുമായിരുന്നു. ഒടുവില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാല്‍ ജീവിതം വഴിമുട്ടിനില്‍ക്കുന്നവര്‍ക്കുമുന്നില്‍ ആശ്വാസവും സന്തോഷവും പകര്‍ന്ന് ജെറി കുടുംബാംഗങ്ങളെ വിട്ടകന്നു.
ഇക്കഴിഞ്ഞ ജൂലായ് 27ന് രാത്രി ഒന്‍പതരയോടെയാണ് മണ്ണന്തല ടി സി 10/ 1612-3 കരിമാംപ്ലാക്കല്‍വീട്ടില്‍ ജെറിവര്‍ഗീസിന് മണ്ണന്തലയ്ക്കു സമീപമുണ്ടായ സ്കൂട്ടറപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ബൈജൂസ് ലേണിംഗ് ആപ്പിലെ ബിസിനസ് ഡവലപ്പ്മെന്‍റ് അസോസിയേറ്റായ ജെറി ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ മണ്ണന്തലയ്ക്ക് സമീപത്തുവച്ച് സ്കൂട്ടര്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്. തല ഫുട്പാത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ജെറിയെ പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിച്ചു.
മസ്തിഷ്കമരണാനന്തര അവയവദാനത്തെക്കുറിച്ച് എന്നും അനുകൂല നിലപാട് സ്വീകരിച്ചിരുന്നവരായിരുന്നു. ജെറിയും ഭാര്യ ജലീനയും. ഭര്‍ത്താവിന് സംഭവിച്ച അപകടവും മസ്തിഷകമരണവും ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കേണ്ടിവന്ന സന്ദര്‍ഭത്തില്‍ ജലീനയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. പുതുജീവിതം സ്വപ്നം കണ്ട് ആശുപത്രിയില്‍ ചികിത്സതേടുന്ന നിര്‍ധനരായ രോഗികളെയാണ് അവര്‍ക്ക് ആ ഘട്ടത്തില്‍ ഓര്‍മ്മവന്നത്. ഭര്‍ത്താവിന്‍റെ വിയോഗം സമ്മാനിച്ച ഹൃദയം നുറുക്കുന്ന വേദനയിലും അവര്‍ തന്‍റെ ആഗ്രഹം ബ്രയിന്‍ ഡെത്ത് സര്‍ട്ടിഫിക്കേഷന്‍ പാനല്‍ അംഗവും ശ്രീചിത്രയിലെ ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ എച്ച് വി ഈശ്വറിനെ അറിയിച്ചു. ജെലീനയുടെ നിലപാടിനെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹം അവരുടെ കാല്‍ തൊട്ട് വന്ദിച്ചശേഷണമാണ് മറ്റ് നടപടികളിലേയ്ക്ക് കടന്നത്. ജെറിയുടെ അച്ഛനും അമ്മയുമടക്കമുള്ള മറ്റുബന്ധുക്കളും ജലീനയുടെ തീരുമാനത്തെ അംഗീകരിച്ചു. സമൂഹത്തിനാകെ മാതൃകാപരമായ നിലപാടു സ്വീകരിച്ച ജെലീനയ്ക്ക് ആദരവറിയിച്ച ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജ് മൃതസഞ്ജീവനി അധികൃതര്‍ക്ക് തുടര്‍പ്രക്രിയകള്‍ സുഗമമാക്കാന്‍ വേണ്ട നിര്‍ദേശവും നല്‍കി.
മൃതസഞ്ജീവനിയുടെ അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ റംലാബീവി, മൃതസഞ്ജീവനി കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ സാറ വര്‍ഗീസ്, സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസ്, കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്‍റ് കോ ഓര്‍ഡിനേറ്റര്‍ സബീര്‍ എന്നിവര്‍ അവയവദാന പ്രവര്‍ത്തനം ഏകോപിപ്പിച്ചു. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രൊഫസർ ഡോ സതീഷ് കുറുപ്പ്, ഡോ ഉഷാകുമാരി (അനസ്തേഷ്യ). കിംസ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ രേണു, ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ ചിത്രാ രാഘവൻ,എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി.
No comments:
Post a Comment