പത്തനാപുരം :വീണ്ടും പുലിയിറങ്ങി പശു കിടാവിനെ കടിച്ചുകൊന്നു. ഭീതിയൊഴിയാതെ പ്രദേശവാസികള്‍. പൂങ്കുളഞ്ഞി ചെല്ലപ്പള്ളിയില് ഷെറീന മന്‍സിലില്‍ റഹീമിന്റെ പശുക്കിടാവിനെയാണ് പുലി തീറ്റയാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടിന്റെ സമീപത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെയാണ് പുലി പിടിച്ചത്. പശുവിന്റെ പകുതി ഭാഗവും ഭക്ഷണമാക്കിയിട്ടുണ്ട്. നായകളുടെ കുര കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും പശുവിനെ കൊന്ന് ഭക്ഷിച്ചിരുന്നു.
പുന്നല ഡെപ്യൂട്ടി റെയ്ഞ്ചര്‍ നിസാമിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുലിയാണെന്ന നിഗമനത്തിലെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പത്തനാപുരം പിറവന്തൂര്‍ പഞ്ചായത്തുകളിലായി ജനവാസ മേഖലയായ കടശേരി, പാടം, കിഴക്കേ വെള്ളംതെറ്റി, മുള്ളുമല തുടങ്ങി സ്ഥലങ്ങളില്‍ നിന്നായി നിരവധി വളര്‍ത്ത് മൃഗങ്ങളെ പുലി ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങള്‍ ഭക്ഷണത്തിനിരയാക്കി.
രാത്രിയിലും പകലും കൊച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റാതെ ഭയപ്പാടോടെ കഴിയുകയാണ്. വന്യമൃഗ ശല്യം രൂക്ഷമായതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. ജനരോഷം കണക്കിലെടുത്ത് ജനവാസ മേഖലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്നതിന് വനം വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ പുന്നല ഉല്ലാസ്, സാജു ഖാന് എന്നിവര്‍ പറഞ്ഞു.
No comments:
Post a Comment