Breaking

Saturday, 3 July 2021

ഒക്ടോബർ മുതൽ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന്..



തിരുവനന്തപുരം: അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നു. ഒക്ടോബർ മുതൽ വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ട്രിവാൻഡ്രം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിനു കൈമാറും. വിമാനത്താവളത്തിന്റെ ഭരണനിർവഹണം നിരീക്ഷിച്ചു പഠിക്കാനുള്ള വിദഗ്ധ സംഘം ഉടൻ തലസ്ഥാനത്തെത്തും. ഐടി ഡിവിഷൻ മുന്നൊരുക്കങ്ങൾ തുടങ്ങി. 


        ഡ്യൂട്ടി ഫ്രീ ഷോപ് നടത്താൻ രാജ്യാന്തര കമ്പനിയായ ഫ്ലെമിങോയെ ചുമതലപ്പെടുത്തി.വിമാനത്താവളം ഏറ്റെടുക്കാൻ കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപ്പും എയർപോർട്ട് അതോറിറ്റിയും കരാർ ഒപ്പിട്ടത്. കരാർ ഒപ്പിട്ട് 6 മാസത്തിനകം നടത്തിപ്പ് ഏറ്റെടുക്കണമെന്നാണ് നിബന്ധനയെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെത്തുടർന്ന് സമയം നീട്ടണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുകയായിരുന്നു.


കഴിഞ്ഞ വർഷം ഇതേ കാരണത്താൽ മംഗളൂരു, ലക്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ 6 മാസം അദാനിക്ക് നീട്ടി നൽകിയിരുന്നു. തിരുവനന്തപുരത്തിനൊപ്പം ഗുവാഹത്തി, ജയ്പുർ വിമാനത്താവളങ്ങളുടെ നടത്തിപ്പും കൈമാറും.


        വിമാനത്താവളത്തിന്റെ നടത്തിപ്പ് രീതികൾ പഠിക്കാൻ 3 മാസമാണ് കാലാവധി. എയർപോർട്ട് അതോറിറ്റി അധികൃതർ ഭരണപരമായ വിവരങ്ങൾ എ–ടിയാൽ സംഘത്തിനു കൈമാറും. സെപ്റ്റംബറിൽ ഇതു പൂർത്തിയാക്കി കൈമാറ്റനടപടികൾ തുടങ്ങും. നിയമപ്രശ്നങ്ങളെത്തുടർന്നു വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉൾപ്പെടെ ഒക്ടോബറിൽ തന്നെ തുറക്കും. കൂടുതൽ സർവീസുകൾ തുടങ്ങാൻ വിമാനത്താവള കമ്പനികളുമായി അദാനി ഗ്രൂപ്പ് ചർച്ച നടത്തുന്നുണ്ട്. എന്നാൽ, കോവിഡിനെത്തുടർന്നു വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി മൂലം പുതിയ സർവീസുകൾ വൈകിയേക്കും.

No comments:

Post a Comment