Breaking

Monday, 21 June 2021

കൊവിഡിൽ അനാഥരായ കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് ഉത്തരവിറക്കി; മന്ത്രി വീണ ജോര്‍ജ്


സംസ്ഥാനത്ത് കൊവിഡ് മഹാമാരിമൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പെട്ട കുട്ടികള്‍ക്കും അതോടൊപ്പം നേരത്തെ മാതാപിതാക്കളില്‍ ഒരാള്‍ മരണപ്പെടുകയും ശേഷിച്ച ആള്‍ ഇപ്പോള്‍ കൊവിഡ് മൂലം മരണപ്പെട്ട് രക്ഷിതാക്കള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതുമായ എല്ലാ കുട്ടികള്‍ക്കുമാണ് സഹായം അനുവദിക്കുന്നത്.


വനിതാശിശു വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നും 2000 രൂപ വീതം, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേയ്ക്ക് മാസം തോറും നിക്ഷേപിക്കുന്നതാണ്. ഈ കുട്ടികളുടെ പേരില്‍ 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും തുടങ്ങും. കൂടാതെ ഈ കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഹിക്കുന്നതാണ്. 


ഈ ധനസഹായങ്ങള്‍ക്ക് ആവശ്യമായി വരുന്ന അധികതുക ധനവകുപ്പാണ് അനുവദിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.


കൊവിഡിൽ കുട്ടികള്‍ അനാഥരാകുന്ന സാഹചര്യം സംജാതമാകുന്നതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം കുട്ടികളെ ബാലനീതി നിയമത്തിന്റെ ശ്രദ്ധയും പരിചരണവും ആവശ്യമായ ഗണത്തില്‍ ഉള്‍പ്പെടുത്തി പരിഗണന നല്‍കേണ്ടതും ഈ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി അടിയന്തര സഹായം നല്‍കേണ്ടതും ആവശ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

# manjapparaonline

No comments:

Post a Comment