ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ മിന്നുന്ന ഫോം തുടരുന്നു. ഇന്നു രാവിലെ നടന്ന മത്സരത്തില്‍ പെറുവിനെ ഗോള്‍മഴയില്‍ മുക്കി അവര്‍ കോപ്പാ അമേരിക്ക ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം. ബ്രസീലിനു വേണ്ടി അലക്സ് സാന്‍ഡ്രോ, നെയ്മര്‍, എവര്ട്ടണ് റിബെയ്റോ, റിച്ചാര്ലിസണ് എന്നിവരാണ് ഗോളുകള്‍ നേടിയത്.
ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബ്രസീലിന് ഇന്നും തൊട്ടതെല്ലാം പൊന്നാകുകയായിരുന്നു. 12-ാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടുകയും ചെയ്തു. ഗബ്രിയേല്‍ ജീസസിന്റെ പാസില്‍ നിന്ന് അലക്സ് സാന്ഡ്രോയാണ് ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഈയൊരറ്റ ഗോളില്‍ ഒതുങ്ങിയ ബ്രസീല്‍ പക്ഷേ രണ്ടാംപകുതിയില്‍ തകര്‍ത്തുവാരി. 68-ാം മിനിറ്റില്‍ അവര്‍ നെയ്മറിലൂടെ ലീഡ് ഉയര്‍ത്തി.
ഇരുപത് വാരയകലെ നിന്നു ഫ്രെഡ് കൊടുത്ത അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. പിന്നീട് ബ്രസീലിന്റെ നിരന്തര ആക്രമണമാണ് കണ്ടത്. എന്നാല്‍ സ്കോര്‍ ഉയര്‍ത്താന്‍ അവസാന മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 89-ാം മിനിറ്റില്‍ റിച്ചാര്‍ലിസന്റെ പാസില്‍ നിന്ന് റിബെയ്റോ ലീഡ് മൂന്നാക്കി. ഇന്‍ജുറി ടൈമില്‍ റിച്ചാര്ലിസണ് പട്ടിക തികയ്ക്കുകയും ചെയ്തു.
ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് ബ്രസീല്‍. ആദ്യ മത്സരത്തില്‍ അവര്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് വെനസ്വേലയെ തോല്പിച്ചിരുന്നു. 24-ന് കൊളംബിയയ്ക്കെതിരേയാണ് അവരുടെ അടുത്ത മത്സരം.
No comments:
Post a Comment