കേരളത്തിൽ നിന്ന് വിദേശത്ത് പോകുന്നവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇന്ന് മുതൽ ലഭിക്കും. സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയതിയും കൂടി ചേർക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ചില വിദേശ രാജ്യങ്ങൾ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവകൂടി ചേർക്കാൻ സർക്കാർ നിർദേശം നൽകിയത്.തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സർട്ടിഫിക്കറ്റ് എടുത്തവർ സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോർട്ടലിൽ പ്രവേശിച്ച് ലഭിച്ച പഴയ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിൻ (COWIN) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അത് സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.
കോവിൻ പോർട്ടലിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വാക്‌സിൻ എടുത്ത കേന്ദ്രത്തിൽ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകൾ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരും ഉള്ള പുതിയ സർട്ടിഫിക്കറ്റ് നൽകും. അപേക്ഷിച്ചവർക്ക് തന്നെ പിന്നീട് സർട്ടിഫിക്കറ്റ് ഈ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.ഇപ്പോൾ, വാക്‌സിൻ എടുത്ത് വിദേശത്ത് പോകുന്നവർക്ക് ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പോർട്ടലിൽ വരുത്തിയിട്ടുണ്ട്.
വാക്‌സിൻ നൽകി കഴിയുമ്പോൾ വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, സർട്ടിഫിക്കറ്റ് നമ്പർ അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്. ഉടൻ തന്നെ അവർക്ക് പോർട്ടലിൽ നിന്നു സർട്ടിഫിക്കറ്റ് ഡൗൺ ലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ സംശയങ്ങൾക്ക് ദിശ 1056, 104 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
No comments:
Post a Comment