കൊല്ലം സ്വദേശി വിസ്മയ ദുരൂഹ സാഹചര്യത്തിൽ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സ്ത്രീധന വിഷയവും വലിയ തോതിൽ ചർച്ചയാകുകയാണ്. വിസ്മയയ്ക്ക് എൽക്കേണ്ടിവന്ന പീഡനമത്രയും സ്ത്രീധനവുമായി ബന്ധപ്പെട്ടതായിരുന്നു എന്നതാണ് ഏവരും ചൂണ്ടികാണിക്കുന്നത്. അതുതന്നെയാണ് വിസ്മയയുടെ അച്ഛനും ചൂണ്ടികാട്ടിയത്. സ്ത്രീധനമെന്ന സംവിധാനത്തിന് എതിരായിട്ടും തനിക്ക് അത് ചെയ്യേണ്ടിവന്നുവെന്ന് ഒരു ചാനലിനോട് വിക്രമൻ പിള്ള കണ്ണീരോടെയാണ് പറഞ്ഞത്.
'സ്ത്രീധനം എന്ന സംവിധാനത്തിന് താൻ നിൽക്കാൻ പാടില്ലായിരുന്നു, താനും അതിനെതിരായിരുന്നു, എന്നാൽ നേരിട്ട് വന്നപ്പോൾ ചെയ്യാതിരിക്കാൻ കഴിയാതെയായിപ്പോയി.... ഇതായിരുന്നു വിസ്മയയുടെ അച്ഛന്‍റെ വാക്കുകൾ. 'കിരൺ സ്ത്രീധനം വേണ്ടെന്ന് പറഞ്ഞായിരുന്നു വന്നത്, എന്നാൽ അവരുടെ വീട്ടിൽ വിവാഹത്തിന് മുൻപ് ബന്ധുക്കളുമായി പോയപ്പോൾ കിരണിന്‍റെ അച്ഛൻ ശിവദാസൻ പിള്ളയും മൂത്തച്ഛൻ സദാശിവൻ പിള്ളയും, തന്നെ വീടിന് പുറകിലേക്ക് രഹസ്യമായി വിളിച്ച് കൊണ്ടുപോയി മകൾക്ക് എന്ത് കൊടുക്കുമെന്ന് ചോദിച്ചു'....ഇതോടെയാണ് സ്ത്രീധനം കൊടുക്കാൻ താൻ തയ്യാറാകേണ്ടിവന്നതെന്നും അച്ഛൻ വിക്രമൻ പിള്ള വ്യക്തമാക്കി. ഒരേക്കർ 20 സെന്റ് വസ്തുവും 100 പവൻ സ്വർണവും പത്ത് ലക്ഷം രൂപയിൽ താഴെയൊരു വണ്ടിയും കൊടുക്കാമെന്ന് സമ്മതിച്ചതായും ചടങ്ങിൽ വെച്ച് ഇക്കാര്യം പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിസ്മയയുടെ സഹോദരൻ വിജിത്തും സ്ത്രീധനമാണ് പ്രധാനപ്രശ്നമെന്ന് ചൂണ്ടികാട്ടിയിരുന്നു. സ്ത്രീധനം കൊടുക്കരുതെന്ന് എല്ലാവരും പറയും. സിസ്റ്റം മാറാതെ ഒന്നും നടക്കില്ല. ഹാഷ് ടാഗ് വിസ്മയ എന്നോ വേറൊരു പേരോ വരും. അതല്ല വേണ്ടത്. സ്ത്രീധനമെന്ന പ്രശ്നമാണ് മാറേണ്ടതെന്നും വിജിത്ത് പറഞ്ഞു.
No comments:
Post a Comment