തിരുവനന്തപുരം: ഇന്നലെ അന്തരിച്ച നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനൻ നായർ എന്ന മോഹനൻ വൈദ്യർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ വച്ച് മോഹനൻ വൈദ്യർ കുഴഞ്ഞു വീണത്. മരിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. വൈദ്യരെന്ന പേരിൽ അറിയപ്പെട്ടിരുന്ന മോഹനൻ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുകയും, അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.ചികിത്സാ പിഴവിൽ ഒന്നര വയസ്സുകാരി മരിച്ചെന്ന പരാതിയിലടക്കം മോഹനനെതിരെ കേസുകളുണ്ട്. നിപ വൈറസുണ്ടെന്നത് വ്യാജപ്രചാരണമാണെന്ന് അവകാശപ്പെട്ട ഇയാൾ കോവിഡിനെ ചികിത്സിക്കാനറിയാമെന്നും അവകാശപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചികിത്സാ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
#manjapparaonline
No comments:
Post a Comment