Breaking

Saturday, 25 July 2020

ആറ്റിങ്ങലിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 3 ദിവസം പഴക്കം

ആറ്റിങ്ങൽ: ഇൻസ്റ്റിറ്റ്യൂഷൻ നിരീക്ഷണ കാലാവധി പൂർത്തിയാക്കി കരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞ വലിയകുന്ന് സ്വദേശിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 

ആറ്റിങ്ങൽ നഗരസഭ വലിയകുന്ന് 15-ാം വാർഡ് നവഭാരത് റോഡിൽ ദാവൂദ് മൻസിലിൽ 42 കാരനായ സുൽഫിക്കർ ദാവൂദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണ്ണാവസ്ഥയിൽ കണ്ടെത്തിയ മൃതശരീരത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് ആറ്റിങ്ങൽ പോലീസ് അറിയിച്ചു.

വാർഡ് കൗൺസിലർ കെ.ശോഭന വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപിന്റെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്യവിഭാഗവും ആറ്റിങ്ങൽ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി. തുടർന്ന് അടച്ചിട്ടിരുന്ന വാതിൽ തുറക്കുകയും മൃതദേഹം അണുവിമുക്‌തമാക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ ജൂൺ 26 -ാം തീയതിയാണ് ഇയാൾ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് ഹോം ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. എന്നാൽ ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ച് നിരവധി തവണ പുറത്ത് പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നഗരസഭ ആരോഗ്യവിഭാഗത്തിലും പോലീസിനെയും വിവരമറിയിച്ചു. തുടരെ നിർദ്ദേശങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട അധികാരികൾ ഇയാളെ അകത്തുമുറിയിലെ പോലീസ് നിരീക്ഷണത്തിലാക്കുകയായിരുന്നു.

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി ഈ മാസം 10-ാം തീയതി വീട്ടിലെത്തിയ ഇയാൾ തുടർന്നുള്ള കരുതൽ നിരീക്ഷണം വീട്ടിൽ തുടരാൻ വിമുഖത കാട്ടിയിരുന്നെന്നും നാട്ടുകാർ ആരോപിച്ചു. മദ്യത്തിനടിമയായിരുന്ന ഇയാളുടെ രണ്ടാം വിവാഹ ജീവിതവും കലഹത്തിലായിരുന്നു. ആദ്യ വിവാഹത്തിൽ ഒരു കുട്ടിയും രണ്ടാമത്തെ ബന്ധത്തിൽ രണ്ട് കുട്ടികളുടെയും അച്ഛനാണിയാൾ. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ശേഷം ഇയാൾ ഒറ്റക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.

കരൾ സംബന്ധമായ അസുഖവും, അപസ്മാര രോഗിയുമായിരുന്നു ഇയാളെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പ്രാഥമിക പരിശോധനക്ക് ശേഷം പോലീസ് അറിയിച്ചു. കൊവിഡ് 19 സ്രവ പരിശോധനക്ക് ശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടു നൽകാനുള്ള അടിയന്തിര നടപടി സ്വീകരിച്ചതായും ചെയർമാൻ അറിയിച്ചു.

നഗരസഭാ ആരോഗ്യ വിഭാഗം കെട്ടിടവും പരിസരവും അണുവിമുക്‌തമാക്കി. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജെ.എച്ച്.ഐ സിദ്ദീഖ്, ആശാവർക്കർ ബിന്ദുലാൽ, ഇല്ല്യാസ്, അജിൽ മണിമുത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്കുള്ള ബോധവൽക്കരണവും നടത്തി.

No comments:

Post a Comment