Breaking

Monday, 6 April 2020

വായ്പ മൊറട്ടോറിയം അപേക്ഷയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അപേക്ഷ നൽകേണ്ടത് എങ്ങനെ, എപ്പോൾ?...


നമ്മുടെ സമൂഹത്തിൽ നല്ലൊരു പങ്ക് ജനങ്ങളും വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്ക് അല്ലെങ്കിൽ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തിട്ടുളളവരാണ്. കൊറോണ വൈറസ് ബാധയെ തുടർന്ന് രോ​ഗ വ്യാപാനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുളളതിനാൽ സ്ഥിര വരുമാനം ഉളളവർ പോലും തങ്ങളുടെ ദൈനംദിന ചെലവുകൾക്ക് ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്. സ്ഥിര വരുമാനം ഇല്ലാത്ത പാവങ്ങളുടെ കാര്യം മഹാകഷ്ടവും... അപ്പോൾ, ഇനിയുളള മാസങ്ങളിൽ ആളുകൾക്ക് ലോൺ തിരിച്ചടവിന്റെ കാര്യം ഒരു വലിയ കീറാമുട്ടിയാണ്.

ഈ പ്രതിസന്ധി തരണം ചെയ്യാനുളള വലിയ ആശ്വാസമായിട്ടാണ് റിസർവ് ബാങ്ക് (ആർബിഐ) മാർച്ച് 27 -ാം തീയതി വായ്പകൾക്ക് മൂന്ന് മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയത്.

പ്രഖ്യാപിത മൊറട്ടോറിയം -അടിസ്ഥാന വിഷയങ്ങൾ

മൊറട്ടോറിയം എന്ന് വാക്ക് ഉദ്ദേശിക്കുന്നത് 'ഒരു താൽക്കാലിക നിർത്തിവയ്ക്കൽ' എന്നതാണ്. ഇവിടെ റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത് ലോൺ തിരിച്ചടവിനുളള ഒരു താൽക്കാലിക നീട്ടിവയ്ക്കലാണ്. റിസർവ് ബാങ്ക് പ്രഖ്യാപനം ഒരു പലിശ ഇളവ് നൽകാൻ വേണ്ടിയുളള പദ്ധതിയല്ല. അതായത് ഈ പദ്ധതിയിലൂടെ റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് താൽക്കാലിക സാമ്പത്തിക ആശ്വാസം നൽകുകയെന്നതാണ്. റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് മാത്രമല്ല, മറിച്ച് എൻബിഎഫ്സികൾ (ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ) ഹൗസിം​ഗ് ഫിനാൻസ് കമ്പനികൾ എന്നിവ ഉൾപ്പടെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകമാണ്.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പലവിധ ലോണുകൾ നൽകി വരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ടേം ലോണുകൾക്കെല്ലാം (ഭവന വായ്പ, വാഹന വായ്പകൾ, വസ്തുവിന്റെ ഈടിന് നൽകുന്ന വായ്പകൾ, വ്യക്തി​ഗത വായ്പകൾ, തുടങ്ങിയവ) മൊറട്ടോറിയം ബാധകമാണ്. ഇത് കൂടാതെ ക്രെഡിറ്റ് / ഓവർ ഡ്രാഫ്റ്റ് (സിസി/ഒഡി) (ബിസിനസ് ആവശ്യത്തിനുളളവ) ലോണുകൾക്കും പദ്ധതി ബാധകമാണ്.

ക്രെഡിറ്റ് കാർഡുകൾ മറ്റൊരു വിഭാ​ഗം വായ്പകളാണ്. എന്നാൽ, പല ബാങ്കുകളും മൊറട്ടോറിയം പരിധിയിൽ ക്രെഡിറ്റ് കാർഡുകളെ ഉൾപ്പെടുത്തിയിട്ടില്ല. ക്രെഡിറ്റ് കാർഡ് ബാധ്യതകളെ മൊറട്ടോറിയം പരിധിയിൽ ഉൾപ്പെടുത്തിയിട്ടുളള പക്ഷം ഉടമയ്ക്ക് ഈ കാലാവധിയിൽ അടയ്ക്കേണ്ട തുക അടയ്ക്കാതിരിക്കാൻ സാധിക്കും. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ വ്യക്തികൾ അവരുടെ ബാങ്കുകളെ സമീപിക്കുന്നത് നന്നാവും.

എങ്ങനെ, എപ്പോൾ അപേക്ഷിക്കണം ?

മൊറട്ടോറിയം സംബന്ധിച്ച് വിവിധ ബാങ്കുകൾ വിവിധ രീതിയിലാണ് നടപടിക്രമങ്ങൾ നിശ്ചയിച്ചിട്ടുളളത്. മിക്ക ബാങ്കുകളും മൊറട്ടോറിയം പ്രയോജനപ്പെടുത്തണമെങ്കിൽ അതിനായി പ്രത്യേകം അപേക്ഷിക്കണമെന്ന് നിഷ്കർഷിക്കുന്നു. അപേക്ഷകൾ നിശ്ചിത ഫോമിൽ നിശ്ചിത തീയതിക്കുള്ളിൽ ബാങ്കിന് ഇ -മെയിൽ/ വാട്സ് ആപ്പ്/ കൊറിയർ ആയി ലഭ്യമാക്കേണ്ടതാണ്. എന്നാൽ, അപേക്ഷിക്കാത്ത പക്ഷം വ്യക്തികളുടെ വായ്പ തിരിച്ചടവ് സാധാരണപോലെ നടക്കുന്നതായിരിക്കും.

എന്നാൽ, ചില ബാങ്കുകൾ അവരുടെ എല്ലാത്തരം വായ്പകൾക്കും മൊറട്ടോറിയം അനുവദിച്ചിട്ടുണ്ടെന്നും, ഇത് പ്രയോജനപ്പെടുത്താൻ താൽപര്യമില്ലാത്തവർ അത് ബാങ്കിനെ അറിയിക്കണമെന്നും വ്യക്തമാക്കുന്നു.

ഇനി വായ്പ എടുത്തിട്ടുളള വ്യക്തി ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ആ​ഗ്രഹിക്കുന്ന ആളാണ്. പക്ഷേ, അദ്ദേഹം മാർച്ച് മാസത്തെ വായ്പ തിരിച്ചടവ് ഇതിനോടകം നടത്തിയിട്ടുണ്ടെങ്കിൽ ആ തുക തിരികെ ലഭിക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും ചില ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.

അതാത് ബാങ്കിന്റെ വെബ്‍സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് അക്കൗണ്ടുളള ബാങ്കുമായി ടോൾ ഫ്രീ നമ്പരുകൾ മുഖേനയോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്. 'COVID -19 FAQ' എന്ന രീതിയിൽ സാധാരണക്കാരന് മനസ്സിലാകത്തക്ക തരത്തിൽ ബാങ്ക് വെബ്സൈറ്റുകളിൽ വിശദ വിവരങ്ങളും ലഭ്യമാണ്. <

മൊറട്ടോറിയത്തിന്റെ പ്രയോജനങ്ങൾ

1) ബാങ്ക് വായ്പ തരിച്ചടവിനായി അടുത്ത മൂന്ന് മാസത്തേക്ക് പലിശ അടവിന് മറ്റ് മാർ​​​ഗങ്ങൾ അവലംബിക്കേണ്ടതില്ല
2) ഈ സൗകര്യം ഉപയോ​ഗിക്കുന്നു എന്ന് കരുതി താങ്കൾക്ക് ലോൺ തരിച്ചടയ്ക്കാനുളള കഴിവില്ല എന്ന അനുമാനമില്ല
3) ഈ സൗകര്യം ഉപയോ​ഗപ്പെടുത്തിയാലും സാമ്പത്തിക സ്ഥിതി ഉളള പക്ഷം വായ്പയിലേക്ക് പണം അടയ്ക്കുവാൻ സാധിക്കും. തന്മൂലം അധികമായി ഉണ്ടാകുമായിരുന്ന പലിശ ഭാരം ലഘൂകരിക്കാനും സാധിക്കും.
4) മൊറട്ടോറിയം ഉപയോ​ഗപ്പെടുത്തിയാൽ ക്രെഡിറ്റ് സ്കോറിന് യാതൊരു വിധ കോട്ടവും സംഭവിക്കില്ല
5) വായ്പ അക്കൗണ്ടുകൾ ഔട്ട് ഓഫ് ഓർഡർ അഥവാ പ്രശ്നമുളള വായ്പകളുടെ വിഭാ​ഗത്തിലേക്ക് മാറ്റപ്പെടുന്നില്ല
6) യാതൊരു വിധ ചാർജുകളും ബാങ്ക് ഈടാക്കുന്നില്ല
7) കയ്യിലുളള പണം ഈ കാലയളവിൽ മറ്റ് ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാൻ സാധിക്കുന്നത് ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായകരമാണ്.

 പ്രമുഖ പൊതുമേഖല ബാങ്കിൽ സീനിയർ മാനേജറാണ് ലേഖകൻ

No comments:

Post a Comment