Breaking

Sunday, 5 April 2020

അഞ്ചലിൽ ആശുപത്രിയിലെത്താൻ വാഹനം കിട്ടിയില്ല യുവതി വീട്ടിൽ പ്രസവിച്ചു.


ആശുപത്രിയിൽ എത്താൻ വാഹനം കിട്ടാത്തതിനെ തുടർന്നു ചണ്ണപ്പേട്ട ആനക്കുളം 4 സെന്റ്   കോളനിയിലെ വീട്ടമ്മയായ യുവതി വീട്ടിൽ പ്രസവിച്ചു. വിവരം  അറിഞ്ഞ് പഞ്ചായത്ത് അംഗം  ആരോഗ്യ വകുപ്പിൽ അറിയിച്ചു.  ആരോഗ്യ വകുപ്പ് അധികൃതർ അ‍ഞ്ചൽ കാരുണ്യ കൂട്ടായ്മ പ്രവർത്തകരുടെ സഹായത്തോടെ ആംബുലൻസ് സംഘടിപ്പിച്ച് യുവതിയേയും കുഞ്ഞിനെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. ലോക്‌ഡൗൺ കാരണം വിഷമിക്കുന്നവർക്ക് സഹായം എത്തിക്കുമെന്നു കാരുണ്യ കൂട്ടായ്മയുടെ അറിയിപ്പ് ഇന്നലെ ’മലയാള മനോരമ’ പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ട ഡോക്ടറാണ്   യുവതിയുടെ ദുരവസ്ഥ കാരുണ്യ കൂട്ടായ്മ പ്രവർത്തകരെ അറിയിച്ചത്.

നാലുസെന്റ് കോളനിയിലെ വിനീതയുടെ (33)  മൂന്നാമത്തെ പ്രസവമാണ്. ഭർത്താവ് ഒരു കേസിൽ പ്രതിയായി ഏതാനും ദിവസങ്ങൾക്ക് മുൻപു ജയിലിലായി.  ഇന്നലെ രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ യുവതി സഹായം തേടിയിരുന്നു. ഒടുവിൽ അലയമൺ പ്രഥമികാരോഗ്യ കേന്ദ്രത്തിലെ 2 വനിതാ ജീവനക്കാരാണ് സഹായത്തിനെത്തിയത്. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് താമസിക്കുന്ന ഭർതൃമാതാവ് പിന്നീട് താലൂക്ക് ആശുപത്രിയിൽ എത്തി ചുമതല ഏറ്റെടുത്ത ശേഷമാണ് അലയമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ആശുപത്രി വിട്ടത്.

No comments:

Post a Comment