Breaking

Sunday, 15 December 2019

വയനാട്ടിലെ ആദിവാസി കോളനിയിൽ നിന്നും ഡോക്ടറിലേക്ക്


ഇന്നിവൾ രാഖി, നാളെ Dr.Ragi BAMS !! വളരെ അവിചാരിതമായിട്ടാണ് വയനാട്ടിലെ ഇരുളം എന്ന സ്ഥലത്തെ പണിയ വിഭാഗത്തിൽപ്പെട്ട ആദിവാസികോളനിയിൽ എത്തുന്നത്…. ”വയനാട്ടിലെ ആദിവാസി കോളനിയിൽ നിന്നും ആയുർവ്വേദ ഡോക്ടറിലേക്ക്..” അരുൺ കുന്നപ്പള്ളി, ടെക് ട്രാവൽ ഈറ്റിൽ എഴുതിയ ലേഖനം പങ്കുവെക്കുന്നു….

ചെറിയ ഫ്ലസ്‌ബോർഡ് കൊണ്ട് മേൽക്കൂരകെട്ടി ഓലയും മണ്ണും കൊണ്ട് ഭിത്തിവാർത്ത ഒരു അഞ്ചാറു വീടുകൾ,ചെറിയ മുറ്റങ്ങൾ,മുറ്റത്തുനിന്ന് മാറി ഇത്തിരി കാപ്പിച്ചെടികൾ അതും എന്നും ആനയിറങ്ങുന്ന കാടിന്റെ നടുവിൽ. ആദ്യം കണ്ട വീട്ടിലേക്കൊന്നു കേറി അവിടുത്തുകാരോട് ഇത്തിരി സംസാരിച്ചിരിക്കുമ്പോഴാണ് രാഖി എന്ന കുട്ടി മുന്നിൽ വന്നത്.

കാര്യങ്ങൾ ഒക്കെ അന്വേഷിച്ചപ്പോഴാണ് രാഖി കഴിഞ്ഞതവണ NEET എൻട്രൻസ് exam നല്ല റാങ്കിൽ പാസ്സായി കണ്ണൂരിൽ ആയുർവേദ ഡോക്ടറാവാനുള്ള BAMS പഠിക്കുന്നത്. അച്ഛൻ രാജു അടുത്തുള്ള കാപ്പിത്തോട്ടത്തിലെ തൊഴിലാളിയും അമ്മ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നു. മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളിലെ ഒരു ചെറിയ കോളനിയിൽ ആണ് രാഖി ജനിച്ചത്.

ആറുവർഷം മുൻപ് അച്ഛന് കൂലിപ്പണി അവിടെ കിട്ടാത്തതും നിരന്തരമായ കടുവയുടെയും ആനയുടെയും ശല്യമെല്ലാം കാരണം അവിടുന്ന് മാറി ഇപ്പൊ ഇരുളത്തു വനഭൂമിയിൽ ചെറിയ കുടിലുകെട്ടി താമസിക്കുന്നു. ഇതുവരെ ഗവണ്മെന്റ് സ്വന്തമായി ഇത്തിരി ഭൂമി വീടുവെക്കാൻ അനുവദിച്ചു കൊടുത്തിട്ടില്ല. ഒന്നാം ക്ലാസ്സ്‌ മുതൽ രാഖി കേരള സർക്കാർ പട്ടികവർഗ നടത്തുന്ന മോഡൽ Residential സ്കൂളിലും ഹോസ്റ്റലിലും നിന്നാണ് പ്ലസ് ടു വരെ പഠിച്ചത്.


സ്കൂൾ പഠനശേഷം പട്ടികവർഗ വകുപ്പിന്റെ കീഴിൽ പാലയിൽ ഒരു വർഷത്തെ കഠിനമായ എൻട്രൻസ് കോച്ചിങ്, അത് കഴിഞ്ഞ് പ്രവേശന പരീക്ഷയെഴുതിയ രാഖി ദേശീയതലത്തിൽ മികച്ച മാർക്കോടെയാണ് പാസ്സായത്. ഒരു നീണ്ടകാലഘട്ടം പഠനത്തിന് വേണ്ടി തിരുവനന്തപുരത്തും പാലായിലും മാറിനിന്ന രാഖി ഇതുവരെ പൊൻകുഴി ക്ഷേത്രത്തിലെ ഉത്സവംപോലും കണ്ടിട്ടില്ലെന്ന് പറഞ്ഞ് നിരാശയോടെ ചിരിച്ചു.

MBBS ആണ് ലക്ഷ്യമിട്ടെങ്കിലും കിട്ടിയത് BAMS സീറ്റാണ്. പക്ഷെ രാഖിക്ക് അതിൽ വലിയ നിരാശയില്ല, പരമ്പരാഗതമായി നാട്ടുവൈദ്യശാസ്ത്രം വശമുള്ള ചുറ്റുപാടിൽ ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളർന്നവർക്ക് ഇതൊരു മുതൽകൂട്ടാകും എന്നാണ് രാഖിയുടെ കാഴ്ച്ചപ്പാട്. അതുതന്നെയാണ് അതിന്റെ ശരി. കുറേ നേരം നല്ല ചുറുചുറുക്കോടെ രാഖിയുമൊത്തു സംസാരിച്ചിരുന്നു.

അവൾക്ക് ജീവിതത്തെ കുറിച്ചും ആ സമൂഹത്തെക്കുറിച്ചും വ്യകതമായ കാഴ്ചപ്പാടും വലിയ ലക്ഷ്യങ്ങളുമുണ്ട്.നല്ല ചൂട് ചായയെല്ലാം കുടിച്ചാണ് അവിടെനിന്നിറങ്ങിയത് . ഒരു ദിവസം CREST ബത്തേരി വെച്ച് നടത്തുന്ന ഉന്നത വിദ്യാഭ്യാസ ക്യാമ്പിലേക്കു വന്ന് ഇത്തിരി നേരം കുട്ടികളുമായി സംസാരിക്കാൻ പറഞ്ഞപ്പോ ഒന്നും ആലോചിക്കാതെ വരാം എന്ന് പറഞ്ഞു.

രാഖി കുട്ടികളുമായി ഇത്തിരി നേരം സംസാരിച്ചിരുന്നു. ആദ്യമായി ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിന്റെ പ്രശ്നങ്ങൾ തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് നല്ല താളത്തിലേക്ക് മാറി. Power Point വെച്ചുള്ള വലിയ മോട്ടിവേഷൻ ക്ലാസ്സൊന്നുമായിരുന്നില്ല. അവൾ പറഞ്ഞത് അവളുടെ ഇതുവരെയുള്ള ജീവിതവും അനുഭവിച്ച കഷ്ടപ്പാടുകളും അച്ഛന്റെയും അമ്മയുടേയുമെല്ലാം ചെറുത്തുനിൽപ്പുകളും തന്നെയായിരുന്നു.

രാഖിയുടെ ഒരു അരമണിക്കൂർ സംവാദം കുട്ടികളിൽ എത്രത്തോളം മാറ്റമുണ്ടാക്കി എന്ന് ഇത്തിരി വൈകിയാണ് അറിഞ്ഞത്. ഞങ്ങളുടെ അഥിതിയായി വന്ന് ഒരുദിവസം കളിച്ചും ചിരിച്ചും ഒത്തിരി കാര്യങ്ങൾ പറഞ്ഞുതന്ന രാഖിക്ക് ഒത്തിരി നന്ദി. ഭാവി ഡോക്ടർക്ക് എല്ലാവിധ ആശംസകൾ.

No comments:

Post a Comment