ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ നെയ്യാറ്റിൻകരയിൽ നിന്നു മയ്യനാട്ടേക്കു കാറിൽ പോകുന്നതിനിടെ ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനു സമീപം ഇന്നലെ 11ന് ആയിരുന്നു അപകടം. രണ്ടു വയസ്സുള്ള മകൾ ഇഷാനിയെ രാഹുലിന്റെ അമ്മയെ ഏൽപിച്ച ശേഷമായിരുന്നു ദമ്പതികളുടെ യാത്ര.
കൊല്ലം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്നു പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
ആയൂർ ഇളമാട് തേവന്നൂർ സൗമ്യ നിവാസിൽ സരസ്വതി അമ്മയുടെയും പരേതനായ സുന്ദരൻ പിള്ളയുടെയും മകളാണ് സൗമ്യ. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓവർസീയർ ആയിരുന്ന സൗമ്യയ്ക്കു മൂന്നു മാസം മുൻപാണ് അഞ്ചലിലേക്കു സ്ഥലം മാറ്റം കിട്ടിയത്. ഇരുവരുടെയും സംസ്കാരം ഇന്ന് 10ന് സൗമ്യയുടെ ആയൂരിലെ വീട്ടിൽ നടക്കും.
‘ഈ പൊന്നുകുഞ്ഞിന് ഇനി ആരു പാലുകൊടുക്കുമെന്ന് ആരെങ്കിലും പറയു’ എന്ന മുത്തശ്ശിയുടെ ചോദ്യം കേട്ടുനിന്നവരുടെ നെഞ്ചിലാണു തറച്ചത്. വിധിയുടെ അപ്രതീക്ഷിത പ്രഹരത്തിൽ തകർന്നുപോയ യുവമിഥുനങ്ങളുടെ സ്വപ്നത്തിന്റെ നിറകുടമായി അപ്പോഴും ആ മുത്തശ്ശിയുടെ കയ്യിൽ ഇഷാനിയുണ്ടായിരുന്നു. ആൾക്കൂട്ടം കണ്ടു പകച്ചും പെട്ടിക്കുള്ളിൽ അച്ഛനുമമ്മയും കിടക്കുന്നതിന്റെ പൊരുളറിയാതെയും തന്നെ കണ്ടിട്ടും അവർ എഴുന്നേറ്റുവരാത്തതെന്ന് അമ്പരന്നും.
വിവാഹത്തിൽ പങ്കെടുക്കാൻ രാവിലെ കാറിൽ വീട്ടിൽ നിന്നിറങ്ങിയ യുവ ദമ്പതികൾ നെയ്യാറ്റിൻകര ഊരൂട്ടുകാല‘തിരുവോണ’ത്തിൽ ജെ.രാഹുലിന്റെയും ഭാര്യ അഞ്ചൽ സ്വദേശി സൗമ്യയുടെയും മൃതദേഹങ്ങൾ രാത്രി എട്ടരയോടെ ഊരൂട്ടുകാലായിലെ വീട്ടിലെത്തുമ്പോൾ അപകടത്തിന്റെ ആഘാതത്തിലും അന്ധാളിപ്പിലും തകർന്ന നിലയിലായിരുന്നു ബന്ധുക്കൾ നൊമ്പരക്കാഴ്ചയായിരുന്നു രണ്ടു വയസ്സിൽ മാതാപിതാക്കളെ നഷ്ടമായ ഇഷാനി. കുഞ്ഞിനെ രാഹുലിന്റെ അമ്മയെ ഏൽപിച്ചാണ് ഇരുവരും ഇന്നലെ രാവിലെ പുറപ്പെട്ടത്.
രാത്രി പത്തരയോടെ നെയ്യാറ്റിൻകര നിന്ന് മൃതദേഹങ്ങൾ സൗമ്യയുടെ വീട്ടിലേക്കു കൊണ്ടു പോകും. സംസ്കാരം ഇന്ന് അവിടെ നടക്കും. എംഎൽഎമാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, എം.വിൻസന്റ് നഗരസഭാധ്യക്ഷ ഡബ്ല്യു.ആർ.ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങി ഒട്ടെറേപ്പേർ ആദരാഞ്ജലി അർപ്പിച്ചു.
No comments:
Post a Comment